എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിച്ചു, പണം കിട്ടിയില്ല; ബാങ്ക് നൽകേണ്ടി വന്നത് 3.28 ലക്ഷം!

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | PTI
പ്രതീകാത്മകചിത്രം | PTI

സൂറത്ത്: ഒൻപത് വർഷം മുമ്പ് നടന്ന ഒരു എടിഎം ഇടപാടിലെ പിഴവ് ബാങ്ക് ഓഫ് ബറോഡയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ തുടർന്നാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവിനെ തുടർന്ന് ബാങ്കിന് ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകേണ്ട അവസ്ഥയിലേക്ക് എത്തിച്ചത്. ഗുജറാത്തിലെ സൂറത്തിൽ 2017 ഫെബ്രുവരി 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂറത്തിലെ ഉധ്‌ന മേഖലയിലുള്ള ഒരു ഉപഭോക്താവ് എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചു. കാർഡ് ഇട്ട് പിൻ നമ്പർ നൽകിയെങ്കിലും മെഷീനിൽ നിന്ന് പണം ലഭിക്കുകയോ രസീത് വരികയോ ചെയ്തില്ല. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ കുറഞ്ഞതായി സന്ദേശം ലഭിച്ചു.

ഇതിനെതിരെ ഉപഭോക്താവ് 2017 ഫെബ്രുവരി 21-ന് ബാങ്ക് ഓഫ് ബറോഡയുടെ ദുംഭാൽ ബ്രാഞ്ചിൽ രേഖാമൂലം പരാതി നൽകി. തുടർന്ന് മാസങ്ങളോളം ഇമെയിൽ വഴിയും മറ്റും ബാങ്കിനെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ആർബിഐ അധികൃതരെ സമീപിക്കുകയും സിസിടിവി ദൃശ്യങ്ങൾക്കായി വിവരാവകാശ അപേക്ഷ നൽകുകയും ചെയ്‌തെങ്കിലും അധികൃതരിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ല. ഒടുവിൽ 2017 ഡിസംബറിൽ അദ്ദേഹം ഉപഭോക്തൃ ഫോറത്തെ സമീപിച്ചു.

ഇടപാട് നടന്നത് എസ്ബിഐ എടിഎമ്മിലാണെന്നും തങ്ങളുടെ റെക്കോർഡുകൾ പ്രകാരം ഇടപാട് പൂർത്തിയായിരുന്നുവെന്നും അതിനാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നുമായിരുന്നു ബാങ്ക് ഓഫ് ബറോഡയുടെ വാദം. എന്നാൽ ബാങ്കിന്റെ വാദങ്ങൾ ഉപഭോക്തൃ തർക്ക പരിഹാര കോടതി തള്ളി. എടിഎം ഇടപാടിൽ ഉപഭോക്താവിന് പണം ലഭിക്കാത്ത പക്ഷം അഞ്ച് ദിവസത്തിനുള്ളിൽ അത് തിരികെ നൽകണമെന്ന ആർബിഐ നിയമം ബാങ്ക് ലംഘിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ യഥാർത്ഥ തുകയായ 10,000 രൂപ 9% വാർഷിക പലിശ സഹിതം തിരികെ നൽകാനാണ് കോടതി ഉത്തരവിട്ടത്. അങ്ങനെ പണം നൽകാൻ വൈകിയ ഓരോ ദിവസത്തിനും 100 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും നിർദ്ദേശിച്ചു.

പരാതിക്കാരന് പണം തിരികെ നൽകുന്നതിൽ 2026 ഫെബ്രുവരി 26 വരെ 3,288 ദിവസത്തെ കാലതാമസമാണ് ഉണ്ടായത്. ഇത് കണക്കാക്കുമ്പോൾ നഷ്ടപരിഹാര തുക മാത്രം 3,28,800 രൂപ വരും. ഇതിനുപുറമെ മാനസിക പീഡനത്തിന് 3,000 രൂപയും കോടതി ചെലവുകൾക്കായി 2,000 രൂപയും നൽകാനും കോടതി നിർദ്ദേശിച്ചു.

Content Highlights: Bank of Baroda ordered to pay over 3 lakh rupees for a 10,000 rupee transaction dispute., Court penalized the bank for a 3,288-day delay in resolving the issue., The case highlights the importance of RBI guidelines regarding failed ATM transactions., Bank held accountable for mental harassment and legal costs.