അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി ബംഗ്ലാവ് കഴുകിച്ച് BJP എംഎൽഎ; പിഴ, വിമർശനം, രാഷ്ട്രീയവിവാദം

#ന്യൂസ് ഡെസ്ക്

വഡോദര: രാഷ്ട്രീയക്കാരുടെ അധികാര ദുർവിനിയോഗം വാർത്തയാകുന്നത് ആദ്യമായല്ല, എന്നാൽ അഗ്നിരക്ഷാ സേനയെ വിളിച്ചുവരുത്തി സ്വന്തം ബംഗ്ലാവ് കഴുകിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയാലോ, അതും 24 കിലോമീറ്റർ അകലെനിന്ന്. ഗുജറാത്തിലെ ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ബച്ചു ഖബാദിന്റെ ബംഗ്ലാവ് കഴുകുന്നതിനായാണ് ഞായറാഴ്ച ദേവ്ഗഡ് ബാരിയ നഗർപാലികയിൽ നിന്നുള്ള ഫയർഫോഴ്‌സ് ജീവനക്കാരെ വിളിച്ചുവരുത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രാഷ്ട്രീയവിവാദമാണ് ഉടലെടുത്തിരിക്കുന്നത്. ഖബാദിന്റെ വീടിന്റെ പുറംചുവരുകളിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണയ്ക്കുന്നതിനുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വെള്ളമടിച്ച് വൃത്തിയാക്കുന്നതാണ് വീഡിയോയിൽ കാണാനാവുക. ധൻപുർ താലൂക്കിലെ പൈപേരോ ഗ്രാമത്തിലുള്ള ബംഗ്ലാവിലേക്ക് 24 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ വാഹനവുമായി എത്തിയത്.

വാഹനം അയയ്ക്കുമ്പോൾ എന്ത് ആവശ്യത്തിനാണ് വിളിച്ചതെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും പിന്നീട് ഖബാദിന്റെ കുടുംബത്തിൽ നിന്ന് ഇതിനുള്ള പിഴ ഈടാക്കിയെന്നും നഗർപാലിക അധികൃതർ വ്യക്തമാക്കി.

'സേനാംഗങ്ങൾ സ്ഥലത്തെത്തിയപ്പോഴാണ് വീടിന്റെ പുറംചുവർ കഴുകാനാണ് ആവശ്യപ്പെട്ടതെന്ന് അറിയുന്നത്. അവർ ജോലി ആരംഭിക്കുകയും ഇതിനിടെ ഫയർ ചീഫിനെ വിളിച്ച് വിവരം പറയുകയും ചെയ്തു. ഉടൻതന്നെ അദ്ദേഹം അവരോട് ജോലി നിർത്താൻ ആവശ്യപ്പെട്ടു. എനിക്കും ഇതുസംബന്ധിച്ച് ഒരു കോൾ ലഭിച്ചു, തുടർന്നാണ് അതിനുള്ള പിഴ ഈടാക്കാൻ ഞാൻ അവരോട് പറഞ്ഞത്.' എന്ന് ദേവ്ഗഡ് ബാരിയ നഗർപാലിക പ്രസിഡന്റ് ധർമേഷ് കലാൽ പറഞ്ഞു.

'തീപ്പിടിത്ത സന്ദേശമുണ്ടെന്ന് പറഞ്ഞ് നഗർപാലിക പ്രസിഡന്റ് ധർമേഷ് കലാലിൽ നിന്നാണ് ഞങ്ങൾക്ക് കോൾ വന്നത്. ഇതൊരു പ്രത്യേക സന്ദേശമാണോ അതോ തീപ്പിടിത്ത സന്ദേശമാണോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. വാഹനം അയയ്ക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഞങ്ങളുടെ ആളുകൾ അവിടെ എത്തിയപ്പോൾ, വീടിന്റെ പുറംചുമര് കഴുകാനാണ് എംഎൽഎയുടെ ആളുകൾ ആവശ്യപ്പെട്ടത്.' എന്ന് ഫയർ ഓഫീസർ മയൂർ ചൗഹാൻ പറഞ്ഞു.

'ഇതിനെക്കുറിച്ച് അവർ എന്നെ വിവരമറിയിച്ചപ്പോൾ ജോലി നിർത്താൻ ഞാൻ ആവശ്യപ്പെടുകയും മേലധികാരികളെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ആവശ്യമായ പിഴ ഞങ്ങൾ ഈടാക്കി.' ചൗഹാൻ കൂട്ടിച്ചേർത്തു. ദേവ്ഗഡ് ബാരിയ നഗർപാലിക ഖബാദിന്റെ മകൻ ബൽവന്തിൽ നിന്ന് ഫയർ ചാർജായി 2,700 രൂപ ഈടാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരണം തേടാൻ ബച്ചു ഖബാദിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോൺ കോളുകളോട് പ്രതികരിച്ചില്ലെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. 'ഈ ശുചീകരണ പ്രവൃത്തിക്കിടയിൽ എവിടെയെങ്കിലും എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായിരുന്നെങ്കിൽ ആര് ഉത്തരവാദിയാകുമായിരുന്നു? അവിടേക്ക് എങ്ങനെ ഈ ഉദ്യോഗസ്ഥർക്ക് എത്താനാകുമായിരുന്നു. ഇതിന് ഉത്തരവാദിയായ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.' ദേവ്ഗഡ് ബാരിയ കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് രാജേഷ് രാവൽ പറഞ്ഞു.

Content Highlights: A political controversy erupted after BJP MLA Bachu Khabad allegedly misused fire brigade services to wash his bungalow, located 24 kilometers away, using firefighting equipment. The incident, captured on video and circulated on social media, led to public outcry and a fine of 2,700 rupees being imposed on Khabad's family by the local municipality. Congress leaders criticized the misuse of public resources, demanding accountability and action against those responsible for the inappropriate deployment of fire brigade personnel.