സിസിടിവി മറച്ചു, പണം ഒളിപ്പിച്ചത് ശുചിമുറിയിൽ; രാമക്ഷേത്രത്തിലെ കൊള്ള ആസൂത്രിതമെന്ന് SIT റിപ്പോർട്ട്

#ന്യൂസ് ഡെസ്ക്
രാമക്ഷേത്രം |ഫോട്ടോ:PTI
രാമക്ഷേത്രം |ഫോട്ടോ:PTI

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകളിൽനിന്ന് അധികൃതർ കോടികൾ തട്ടിയെടുത്തെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് പുതിയ വെളിപ്പെടുത്തലുകളുള്ളത്. പണം എണ്ണുന്ന ജീവനക്കാർ സിസിടിവി ക്യാമറകൾ മറച്ചുപിടിച്ചാണ് കാണിക്കപ്പെട്ടികളിൽനിന്ന് പണം മാറ്റിയിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറയ്ക്ക് മുന്നിൽ ഒരാൾ മറയായി നിൽക്കുമ്പോൾ മറ്റുള്ളവർ പണം കെട്ടുകളിൽനിന്ന് മോഷ്ടിക്കുകയും വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്യും. ഇങ്ങനെ കൈക്കലാക്കുന്ന പണം ആദ്യം ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറികളിലാണ് ഒളിപ്പിച്ചിരുന്നത്. പിന്നീട് അനുയോജ്യമായ സമയത്ത് ഇവ പുറത്തേക്ക് കടത്തുകയും രഹസ്യ കേന്ദ്രത്തിൽവെച്ച് വീതംവയ്ക്കുകയും ചെയ്തിരുന്നു.

കൂടാതെ, ബാങ്കിലേക്ക് അയക്കുന്ന പണത്തിന്റെ കെട്ടുകളിൽ അധിക നോട്ടുകൾ തിരുകിക്കയറ്റിയും പിന്നീട് അവ കൈക്കലാക്കിയും തട്ടിപ്പ് നടത്തി. കെട്ടുകളുടെ എണ്ണത്തിൽ വ്യത്യാസമില്ലാത്തതിനാൽ പരിശോധനയിൽ ഇത് പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പണത്തിന് പുറമെ ഭക്തർ സമർപ്പിച്ച കമ്മലുകൾ, മൂക്കുത്തികൾ, വളകൾ തുടങ്ങിയ സ്വർണാഭരണങ്ങളും പ്രതികൾ മോഷ്ടിച്ചിട്ടുണ്ട്.

Read more: ബിജെപിക്ക് വെല്ലുവിളിയായി അയോധ്യയിലെ സംഭാവനക്കൊള്ള

ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്ത 2024 മുതൽ ഈ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് സൂചന. ഏകദേശം 7.5 കോടി രൂപ ക്ഷേത്രത്തിൽനിന്ന് നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. നിലവിൽ 70 ലക്ഷം രൂപയോളം പ്രതികളിൽനിന്ന് വീണ്ടെടുത്തിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഏപ്രിൽ 27-നും ജൂൺ അഞ്ചിനും ഇടയിൽ എഴുപതോളം കവർച്ചകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ടിന്നു യാദവ്, സുഭാഷ് ശ്രീവാസ്തവ എന്നിവരാണ് ഈ ഗൂഢാലോചനയുടെ സൂത്രധാരന്മാരെന്ന് കരുതപ്പെടുന്നു. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ. ഇവരിൽ പലരും സ്വാധീനമുള്ള വ്യക്തികളുടെ ശുപാർശ വഴിയാണ് ജോലിയിൽ പ്രവേശിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ട്രസ്റ്റ് ഭാരവാഹിയായിരുന്ന ചമ്പത്ത് റായിയുടെ ഡ്രൈവറായിരുന്ന ടിന്നു യാദവ് തന്റെ ബന്ധുവിനെ പണം എണ്ണുന്ന സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. പ്രതികളിലൊരാളായ അവിനാഷ് ശുക്ല മോഷ്ടിച്ച പണം സ്വന്തം ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്.

ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചയും തട്ടിപ്പിന് ആക്കം കൂട്ടിയെന്നാണ് റിപ്പോർട്ടിലുള്ളത്. പണം എണ്ണുന്ന ജീവനക്കാരെ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങൾ കടലാസിലൊതുങ്ങിയെന്നും സിസിടിവി കവറേജ് അപര്യാപ്തമാണെന്നും എസ്ഐടി റിപ്പോർട്ടിലുണ്ട്.

കേസിൽ കൂടുതൽ ബാങ്ക് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കുറ്റവാളികളെ ആരെയും വെറുതെ വിടില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ ചമ്പത്ത് റായിയും അനിൽ മിശ്രയും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചിട്ടുണ്ട്.

Content Highlights: SIT report confirms systematic theft of donation money and jewelry by counting staff., Theft methods included hiding money in clothes and manipulating bank cash bundles., Approximately 7 to 7.5 crore rupees estimated to be stolen since 2024., Trust officials Champat Rai and Anil Mishra resigned taking moral responsibility., CM Yogi Adityanath promises strict action against all involved culprits.