അയോധ്യ രാമക്ഷേത്രത്തിൽ വഴിപാടെണ്ണലിന് കർശന നിരീക്ഷണം; പിന്നാലെ രാജിവെച്ച് പകുതിയോളം ജീവനക്കാർ

ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പകുതിയോളം വഴിപാടെണ്ണൽ ജീവനക്കാർ രാജിവെച്ചു. സംഭാവനക്കൊള്ള വിവാദമായതിനു പിന്നാലെ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് വഴിപാടെണ്ണൽ സ്ഥലത്ത് കനത്ത സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് നീണ്ടസമയത്തെ ജോലിയും വേതനക്കുറവും ചൂണ്ടിക്കാട്ടി ഇരുപതോളം ജീവനക്കാർ കരാർ ഏജൻസിക്ക് രാജി നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ നാൽപ്പതോളം ജീവനക്കാർ ഹാജരായ സ്ഥാനത്തിപ്പോൾ 15-20 പേരാണ് വരുന്നതെന്ന് ട്രസ്റ്റംഗങ്ങൾ തന്നെ പറയുന്നു. പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി, രാജിെവച്ചവർക്കു പകരം ജീവനക്കാരെ നിയമിക്കാനാണ് ട്രസ്റ്റ് തീരുമാനം.
പുതുക്കിയ മാനദണ്ഡപ്രകാരം പണം കൈകാര്യംചെയ്യാനായി പ്രത്യേകം ജീവനക്കാർക്കു ചുമതല നൽകും. നേരത്തെ ഹൗസ് കീപ്പിങ് ജോലികൾക്ക് നിയമിച്ചവരെയും പണമെണ്ണാൻ ഏൽപ്പിച്ചിരുന്നു. ക്ഷേത്ര ഭരണകാര്യങ്ങളുടെ മേൽനോട്ടത്തിനായി സി.ഇ.ഒ.യെ നിയമിക്കും. നയപരമായ ചുമതലകൾ ട്രസ്റ്റിനു തന്നെയാവും.
അതിനിടെ, സാമ്പത്തികത്തട്ടിപ്പിന്റെ വ്യാപ്തി വർധിക്കുന്ന സൂചനയാണ് മൂന്നു പ്രതികളെ കസ്റ്റഡിയിൽവാങ്ങി ചോദ്യം ചെയ്തതിൽനിന്ന് പോലീസിന് ലഭിച്ചത്. അനുകൽപ്പ് മിശ്ര, ലവ് കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരെ കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇവരെ വീടുകളിലും ബന്ധുവീടുകളിലുമെത്തിച്ച് പോലീസ് ചോദ്യംചെയ്തതിൽ നിന്ന് ഓഹരിവിപണിയിലടക്കം പണം നിക്ഷേപിച്ചതിന്റെ രേഖകൾ കണ്ടെത്തി.
നേരത്തെ പോലീസ് ചോദ്യംചെയ്ത അവിനാഷ് ശുക്ലക്കൊപ്പം ചേർന്ന് അനുകൽപ്പ് മിശ്രയാണ് പണം ഓഹരിവിപണിയിൽ നിക്ഷേപിച്ചത്. സംഭാവനക്കൊള്ളയിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് അനുകൽപ്പ് മിശ്രയാണെന്ന് പോലീസ് കരുതുന്നു. അനുകൽപ്പ്, ലവ്കുശ്, കരുണേഷ് എന്നിവരുമായി ബന്ധപ്പെട്ട മുപ്പത് ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു.
ട്രസ്റ്റിയായിരുന്ന അനിൽ മിശ്രയുമായി അടുത്ത ബന്ധമുണ്ടെന്നാണിവർ പോലീസിന് മൊഴി നൽകിയത്. എന്നാൽ പണം തിരിമറിയിൽ അനിൽമിശ്രയ്ക്ക് ബന്ധമുണ്ടെന്ന് മൊഴി നൽകിയോ എന്നു വ്യക്തമല്ല. ജയിലിലുള്ള ടിന്നു യാദവ്, അനന്തരവൻ മനീഷ് കുമാർ, സൗരഭ് ശ്രീവാസ്തവ, രാമശങ്കർ മിശ്ര എന്നിവരെക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് പോലീസ് നീക്കം.
Content Highlights: Nearly 50% of donation counting staff resigned due to new strict security protocols. The Trust is appointing a CEO to oversee temple administration. Police investigation reveals funds were diverted into the stock market by suspects. 30 bank accounts linked to the accused have been frozen by authorities. Further interrogations of suspects are underway to uncover the full scale of the fraud.