ഡൽഹി മുഖ്യമന്ത്രിയായി അതിഷി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്നിവാസില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ലെഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന സത്യവാചകം ചൊല്ലികൊടുത്തു. 43-കാരിയായ അതിഷി ഡല്‍ഹിയില്‍ മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാളും മൂന്നാമത്തെ വനിതയുമാണ്.
സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അതിഷിയും മന്ത്രിസഭയിലെ അംഗങ്ങളായ എ.എ.പി. നേതാക്കളും കെജ്രിവാളിനെ കണ്ടു. അതിഷിസര്‍ക്കാരില്‍ പുതിയമന്ത്രിയായി ദളിത് മുഖമായ മുകേഷ് കുമാര്‍ അഹ്‌ലാവദും ചുമതലയേറ്റു. കെജ്‌രിവാള്‍ സര്‍ക്കാരിലെ മന്ത്രിമാരായ ഗോപാല്‍ റായ്, കൈലാഷ് ഗഹ്ലോത്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവര്‍ തുടരും.
സെപ്തംബര്‍ 26-27 തീയതികളില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ 70 അംഗ നിയമസഭയില്‍ അതിഷി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം. മദ്യനയക്കേസില്‍ കെജ്രിവാള്‍ ജയിലിലായതോടെ സംസ്ഥാനത്ത് ഭരണപ്രതിസന്ധിയാണെന്ന പ്രതീതിയുണ്ടായിരുന്നു. നിരവധി വെല്ലുവിളികള്‍ക്കിടയിലാണ് അതിഷിയുടെ മുഖ്യമന്ത്രി പദവിയിലേക്കുള്ള ആരോഹണം. അടുത്തവര്‍ഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
അധ്യാപികയായിരുന്ന അതിഷി, ആം ആദ്മി പാര്‍ട്ടിയുടെ തുടക്കംമുതല്‍ നേതൃസ്ഥാനത്തുണ്ട്. പാര്‍ട്ടി നയങ്ങള്‍ രൂപവത്കരിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
Content Highlights: Atishi Takes Oath As Delhi Chief Minister