അരുണാചലിൽ മ്യാൻമർ അതിർത്തിയിൽ തീവ്രവാദി ആക്രമണം: അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു; നാല് പേർക്ക് പരിക്ക്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ചാങ്‌ലാങ് ജില്ലയിൽ ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം പട്രോളിങ് സംഘത്തിനുനേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 6.30-ഓടെയാണ് ആക്രമണമുണ്ടായത്. ഇന്ത്യ-മ്യാൻമർ അതിർത്തിവേലി നിർമാണം നടക്കുന്ന പ്രദേശത്ത് 21-ാം അസം റൈഫിൾസ് ജവാന്മാർ പട്രോളിങ് നടത്തുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. വെടിവെപ്പിൽ ഹവിൽദാർ ജാൻഖോക് കുകി (42) കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റ് നാല് ജവാന്മാരെ വിദഗ്ധചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

എൻ.എസ്.സി.എൻ. (കെ-വൈ.എ.) സംഘടനയിൽപ്പെട്ട തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും ആക്രമണകാരികൾ ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആക്രമണത്തെത്തുടർന്ന് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ചാങ്‌ലാങ് ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു. തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യവും നുഴഞ്ഞുകയറ്റവും ഉള്ളതിനാൽ ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ ചാങ്‌ലാങ് മേഖല അതീവ സംഘർഷസാധ്യതാ മേഖലയായിട്ടാണ് കണക്കാക്കപ്പെടുന്നത്.