ഭാര്യയ്ക്ക് മൂന്ന് പാസ്‌പോർട്ടോ? അസം മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ്; മാനനഷ്ടക്കേസിന് ഒരുങ്ങി ഹിമന്ത

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യക്ക് ഒന്നിലധികം വിദേശ പാസ്‌പോർട്ടുകളുണ്ടെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. ശർമ്മയുടെ ഭാര്യ റിങ്കി ഭുയാൻ ശർമ്മയ്ക്ക് മൂന്ന് പാസ്‌പോർട്ടുകളുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ തൻ്റെ പക്കലുണ്ടെന്ന് ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പവൻ ഖേര അവകാശപ്പെട്ടു.
‘അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിങ്കി ഭുയാൻ ശർമ്മയ്ക്ക് മൂന്ന് പാസ്‌പോർട്ടുകളുണ്ടെന്ന് കാണിക്കുന്ന രേഖകൾ ഞങ്ങളുടെ പക്കലുണ്ട്. ആദ്യത്തേത് യുഎഇ ഗോൾഡൻ കാർഡ്, രണ്ടാമത്തേത് ആൻ്റിഗ്വ ബാർബുഡ പാസ്‌പോർട്ട്, മൂന്നാമത്തേത് ഈജിപ്ഷ്യൻ പാസ്‌പോർട്ടും. ഇതിൽ രണ്ടെണ്ണം ഇസ്ലാമിക രാജ്യങ്ങളിലേതാണ്, എന്നിട്ടും അവർ പൊതുമധ്യത്തിൽ മതപരമായ പ്രതിബദ്ധത അവകാശപ്പെട്ടുകൊണ്ടിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു.
ഭൂമി തട്ടിപ്പ്, ക്ഷേത്ര ഫണ്ടുകൾ ദുരുപയോഗം ചെയ്യൽ, സർക്കാർ സബ്സിഡികൾ, ചിറ്റ് ഫണ്ട് തട്ടിപ്പുകൾ തുടങ്ങിയ നിരവധി ആരോപണങ്ങളിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെയും ഭാര്യയുടെയും പേരുകൾ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ തങ്ങൾ പുറത്തുവിടുന്ന രേഖകൾ ഇന്ത്യക്ക് പുറത്തുള്ള കാര്യങ്ങളാണ്. ഇത് ഞെട്ടിപ്പിക്കുന്ന വിവരമാണെന്നും അദ്ദേഹം പറഞ്ഞു.
Delhi: Congress leader Pawan Khera says, "You are seeing photos of Assam Chief Minister Himanta Biswa Sarma and his wife. Their names have been linked to several allegations such as land grabbing, misuse of temple funds, government subsidies, and chit fund scams. But today, the… pic.twitter.com/QoTVlZoFEa
— IANS (@ians_india) April 5, 2026
ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും താനും ഭാര്യയും 48 മണിക്കൂറിനുള്ളിൽ ഖേരയ്ക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. പവൻ ഖേരയുടെ പത്രസമ്മേളനം കോൺഗ്രസ് പാർട്ടിക്കുള്ളിലെ നിരാശയും പരിഭ്രാന്തിയും പ്രതിഫലിപ്പിക്കുന്നതാണ്. അസമിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദുരുദ്ദേശ്യപരവും കെട്ടിച്ചമച്ചതുമായ രാഷ്ട്രീയ പ്രേരിതങ്ങളായ നുണകളാണിവ. അപകീർത്തികരമായ പ്രസ്താവനകളുടെ പൂർണ്ണമായ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കേണ്ടി വരും. നിയമവ്യവസ്ഥയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും പവൻ ഖേര തൻ്റെ പ്രവൃത്തികളുടെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Today’s press conference by Pawan Khera reflects the deep frustration and panic within the Congress party. As Assam moves decisively towards a historic mandate, such desperate and baseless attacks only expose their sinking ground.
I categorically reject every allegation made by…— Himanta Biswa Sarma (@himantabiswa) April 5, 2026
അസം കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗോയിയും ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരെ രംഗത്തെത്തി. ഒന്നിലധികം പാസ്‌പോർട്ടുകൾ കൈവശം വെക്കുകയും സ്വത്തുക്കൾ വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. അവർ അസമിൽ നിന്ന് അവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്ര പണം അയച്ചിട്ടുണ്ട് എന്നതിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. അദ്ദേഹം പറഞ്ഞു.
Content Highlights: Assam CM Himanta Biswa Sarma announces defamation suit against Pawan Khera over passport allegations.