അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി കോടതി നീട്ടി. ജൂലൈ മൂന്നുവരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
2022-ൽ റദ്ദാക്കിയ ഡൽഹി എക്‌സൈസ് നയത്തിലെ ക്രമക്കേടുകളിൽ തുടരന്വേഷണം അനിവാര്യമാണെന്നും അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്നും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടു. അതേസമയം, ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന ഇഡിയുടെ അപേക്ഷയെ കെജ്‌രിവാളിനുവേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തു.
കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ജൂലൈ മൂന്നിന് കേസിൽ കോടതി അടുത്ത വാദംകേൾക്കും.
കെജ്‌രിവാളിന് സുപ്രീം കോടതി അനുവദിച്ച ജാമ്യകാലാവധി ജൂൺ ഒന്നിന് അവസാനിച്ചിരുന്നു. തുടർന്ന്, ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ അപേക്ഷ നൽകിയെങ്കിലും സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചിരുന്നില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്നായിരുന്നു അപേക്ഷ നിരസിച്ചുകൊണ്ട് രജിസ്ട്രി വ്യക്തമാക്കിയത്.
ഇതിനുപിന്നാലെ കെജ്‌രിവാൾ വിചാരണക്കോടതിയായ റൗസ് അവന്യൂ കോടതിയെ സമീപിച്ചു. എന്നാൽ, ഹർജി തള്ളിയ കോടതി ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂൺ 19 വരെ നീട്ടുകയും ചെയ്തു.
Content Highlights: Arvind Kejriwal's judicial custody extended