CBI കസ്റ്റഡിയിലും കെജ്‌രിവാളിന് വീട്ടിൽ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ അനുമതി

അരവിന്ദ് കെജ്‍രിവാൾ സി.ബി.ഐ. ഉദ്യോഗസ്ഥർക്കൊപ്പം കോടതിയിൽ നിന്ന് മടങ്ങുന്നു | Photo: Press Trust of India
അരവിന്ദ് കെജ്‍രിവാൾ സി.ബി.ഐ. ഉദ്യോഗസ്ഥർക്കൊപ്പം കോടതിയിൽ നിന്ന് മടങ്ങുന്നു | Photo: Press Trust of India

ന്യൂഡല്‍ഹി: കോടതി മൂന്ന് ദിവസത്തെ സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ അനുമതി. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ഇതിന് അനുമതി നല്‍കിയത്. കൂടാതെ എല്ലാ ദിവസവും 30 മിനിറ്റ് സമയം ഭാര്യയുമായും അഭിഭാഷകനുമായും കൂടിക്കാഴ്ച നടത്താനും കെജ്‌രിവാളിനെ കോടതി അനുവദിച്ചു.

പ്രമേഹരോഗിയായ കെജ്‌രിവാളിനുള്ള മരുന്നുകളും ഇവര്‍ തന്നെ എത്തിച്ചുനല്‍കും. നേരത്തേ ഇ.ഡി. അറസ്റ്റ് ചെയ്തപ്പോഴും വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ കെജ്‌രിവാളിനെ കോടതി അനുവദിച്ചിരുന്നു. 

ബുധനാഴ്ച രാവിലെയാണ് ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കോടതിയുടെ അനുമതിയോടെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ ഇ.ഡിയുടെ കസ്റ്റഡിയില്‍ തുടരവേയായിരുന്നു അറസ്റ്റ്. അറസ്റ്റിനുമുമ്പ് അദ്ദേഹത്തെ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. അഞ്ചുദിവസത്തെ കസ്റ്റഡിയാണ് സി.ബി.ഐ. ചോദിച്ചതെങ്കിലും മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് റൗസ് അവന്യൂ കോടതി അനുവദിച്ചത്. 

കെജ്രിവാളിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഭാര്യ സുനിത രംഗത്തെത്തിയിരുന്നു. തന്റെ ഭര്‍ത്താവ് ജയിലിനുള്ളില്‍ത്തന്നെ കഴിയുന്നത് ഉറപ്പാക്കാന്‍ മുഴുവന്‍ സംവിധാനങ്ങളും ശ്രമിക്കുകയാണ്. ഇത് നിയമാനുസൃതമല്ല. ഇത് ഏകാധിപത്യവും അടിയന്തരാവസ്ഥയുമാണെന്നും സുനിത സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു.

Content Highlights: Arvind Kejriwal to get home-cooked meals in CBI custody, daily meeting with wife