തലയോട്ടി അടിച്ചുതകർത്ത കേസ്: പ്രതി സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തു, പോലീസ് കസ്റ്റഡിയിൽ വിട്ടു

#ന്യൂസ് ഡെസ്ക്
സിജെപി നടത്തിയ പ്രതിഷേധത്തിൽനിന്ന്, ഇൻസെെറ്റിൽ സ്വതന്ത്ര ഭരദ്വാജ് | Photo: PTI, സിജെപി എക്സിൽ പങ്കുവെച്ച വീഡിയോയിൽനിന്ന്
സിജെപി നടത്തിയ പ്രതിഷേധത്തിൽനിന്ന്, ഇൻസെെറ്റിൽ സ്വതന്ത്ര ഭരദ്വാജ് | Photo: PTI, സിജെപി എക്സിൽ പങ്കുവെച്ച വീഡിയോയിൽനിന്ന്

ന്യൂഡൽഹി: ജന്തർമന്തറിലെ സി.ജെ.പി. പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ പിതാവിന്റെ തല തല്ലിപ്പൊട്ടിച്ച സംഭവത്തിൽ പ്രതി സ്വതന്ത്ര ഭരദ്വാജിനെ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച ഉത്തർപ്രദേശിൽനിന്ന് ഇയാളെ  കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ശനിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കർക്കർദൂമ കോടതി സമുച്ചയത്തിലെ ജഡ്ജിയുടെ വസതിയിൽ ഹാജരാക്കിയ ഇയാളെ ഒരുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

സംഭവത്തിൽ ഭരദ്വാജിന്റെ അനുയായികൾ പ്രതിഷേധം സംഘടിപ്പിക്കാൻ സാധ്യതയുള്ളതിനാൽ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് പുറത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടിയായി പോലീസ് സ്റ്റേഷന് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിക്കുകയും അർധസൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. 

സ്വതന്ത്ര ഭരദ്വാജിന്റെ അനുയായികൾ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചപ്പോൾ | PHOTO: REUTERS

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത നിഷു ആസാദ് എന്ന പെൺകുട്ടിയുടെ അച്ഛൻ സഞ്ജയ് കുമാറിനെ താൻ ആക്രമിച്ചെന്ന് അവകാശപ്പെടുന്ന ഭരദ്വാജിന്റെ വെളിപ്പെടുത്തൽ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. താൻ സാമൂഹികമാധ്യമങ്ങളിലെ ഹിന്ദുത്വ ഇൻഫ്ളുവൻസറാണെന്നാണ് ഭരദ്വാജ് അവകാശപ്പെടുന്നത്. കേസിൽ, ബി.ജെ.പി. നേതാക്കളുടെ സഹായത്തോടെയാണ് പുറത്തിറങ്ങിയതെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.

ജന്തർമന്തറിൽ സി.ജെ.പി. സമരം നടക്കുന്നതിനിടെ ജൂൺ 23-നാണ് പ്രതിഷേധത്തിനെത്തിയ ഗാസിയാബാദ് സ്വദേശിയായ നിഷു ആസാദിന്റെ പിതാവിനെ ഒരുസംഘം ആക്രമിച്ചത്. ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി സി.ജെ.പി. പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. 72 മണിക്കൂറിനുള്ളിൽ അറസ്റ്റുചെയ്യുമെന്ന ഉറപ്പിലാണ് ഉച്ചയോടെ പ്രതിഷേധക്കാർ മടങ്ങിയത്. പിന്നാലെയായിരുന്നു അറസ്റ്റ്. സി.ജെ.പി. നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, യൂത്ത് കോൺഗ്രസ് ഡൽഹി പ്രസിഡന്റ് അക്ഷയ് ലക്ര എന്നിവരും എം.പി.മാരായ ചന്ദ്രശേഖർ ആസാദും പപ്പു യാദവുമാണ് പെൺകുട്ടിക്കൊപ്പം സ്റ്റേഷനിലെത്തിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓൺലൈനിലൂടെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഭരദ്വാജിനെതിരെ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത, ഐ.ടി നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തി പുതിയ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ, കുട്ടിയുടെ പിതാവിനെ മർദിച്ച കേസിൽ എസ്‌സി/എസ്‌ടി (പീഡന നിരോധന) നിയമത്തിലെ വകുപ്പുകളും പോലീസ് പിന്നീട് കൂട്ടിച്ചേർത്തു.

Content Highlights: Delhi police arrest Swatantra Bharadwaj for assaulting a protester's father at Jantar Mantar. Security heightened due to potential protests by his followers.