അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍; കസ്റ്റഡിയിലെടുത്തത് വീട്ടില്‍ നിന്ന്

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അര്‍ണബിന്റെ വീട്ടിലെത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അര്‍ണബിനെ ബലംപ്രയോഗിച്ച് പോലീസ് വാനില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വൈകാതെ അര്‍ണബിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
2018ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ കസ്റ്റഡിയിലെടുത്തത്. ഈ കേസ് മഹാരാഷ്ട്ര പോലീസ് അന്വേഷിച്ച് ക്ലോസ് ചെയ്തിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്ത അന്‍വയ് നായികിന്റെ ഭാര്യ വീണ്ടും നല്‍കിയ പരാതിയിലാണ് മുംബൈ പോലീസ് വീണ്ടും കേസന്വേഷണം ആരംഭിച്ചതും അര്‍ണബിനെ കസ്റ്റഡിയിലെടുത്തതും.
അതേസമയം സമന്‍സുകളോ കോടതിയില്‍ നിന്നുള്ള മറ്റ് ഉത്തരവുകളോ പോലീസ് അര്‍ണബിന് കൈമാറിയിട്ടില്ല. അര്‍ണബിന്റെ വീടിന്റെ എല്ലാ പ്രവേശനകവാടങ്ങളും പോലീസ് തടഞ്ഞു. വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രതിനിധികളെ പോലീസ് തിരിച്ചയച്ചു. പോലീസ് തന്നെ കയ്യേറ്റം ചെയ്തതായി അര്‍ണബ് ആരോപിച്ചു.
അര്‍ണബ് മുബൈയിലെ ഏറ്റവും വലിയ ഹവാല ആണെന്ന് കഴിഞ്ഞദിവസം മുംബൈ പോലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് പറഞ്ഞിരുന്നു. പിന്നാലെ മുംബൈ പോലീസ് തന്നെ വേട്ടയാടുകയാണെന്ന പ്രതികരണവുമായി അര്‍ണബ് രംഗത്തെത്തിയിരുന്നു.
Content Highligts: Arnab Goswami detained by Mumbai Police
Content Highlights: