എംഎൽഎയുടെ അമ്മയുടെ പിറന്നാളാഘോഷം, സർക്കാർ പ്രസവാശുപത്രിയിൽ റീൽ ചിത്രീകരണം; കർണാടകത്തിൽ വിവാദം

ബെംഗളൂരൂ: ശ്രീരംഗപട്ടണയിലെ അരകെരെ ഗ്രാമത്തിലെ സർക്കാർ പ്രസവാശുപത്രി സ്വകാര്യ പരിപാടിക്കായി ദുരുപയോഗം ചെയ്തതായി ആരോപണം. എം.എൽ.എ രമേശ് ബണ്ഡിസിദ്ധേഗൗഡയുടെ അമ്മയുടെ ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കലാപരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർക്ക് ഈ സർക്കാർ ആശുപത്രിയിൽ താമസമൊരുക്കിയെന്നാണ് പ്രദേശവാസികളുടെ ആരോപണം.
ആശുപത്രി കെട്ടിടത്തിനുള്ളിൽ നാടക കലാകാരന്മാർക്ക് താമസിക്കാനും പരിപാടിക്ക് മുന്നോടിയായി മേക്കപ്പ് ചെയ്യാനും അനുവാദം നൽകിയെന്നാണ് ആരോപണം. ഇതിൽ പങ്കെടുത്ത ഒരു വനിതാ കലാകാരി ആശുപത്രിക്ക് ഉള്ളിൽവെച്ച് ചിത്രീകരിച്ച ഒരു റീൽ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
സംഭവം അധികാരത്തിന്റെ ദുരുപയോഗമാണെന്നും സാധാരണക്കാരായ രോഗികളെയും അവിടുത്തെ ചികിത്സാ സേവനങ്ങളെയും ഇത് ബാധിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. ആരാണ് ഇത്തരമൊരു സ്വകാര്യ ആഘോഷത്തിന് ആശുപത്രി ഉപയോഗിക്കാൻ അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ആശുപത്രിക്കുള്ളിൽ റീലുകൾ ചിത്രീകരിച്ചതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് ഉടൻതന്നെ റിപ്പോർട്ട് തേടുമെന്ന് കർണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദർ വ്യക്തമാക്കി. എം.എൽ.എ രമേശ് ബണ്ഡിസിദ്ധേഗൗഡയും കുടുംബവും ഈ മണ്ഡലത്തിൽനിന്ന് ഏഴ് തവണ വിജയിച്ചവരാണെന്നും ജനങ്ങൾക്ക് ആരോഗ്യരംഗത്ത് ഏറെ സഹായങ്ങൾ ചെയ്ത മികച്ച കുടുംബമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ കേവലം ഒരു റീലിന്റെ അടിസ്ഥാനത്തിൽ ഈ വിഷയം ഇത്രത്തോളം വലുതാക്കി കാണേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആശുപത്രിയിലെ ഒരു മുറി മാത്രമാണ് ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചതെന്നും മന്ത്രി പറഞ്ഞു. അവിടെ ചിലപ്പോൾ ഒഴിഞ്ഞുകിടന്ന ഒരു മുറിയാകാം ഉപയോഗിച്ചതെന്നും എന്നാൽ, ആശുപത്രിയിലെ യഥാർത്ഥ സാഹചര്യം പരിശോധിച്ചശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Residents question the alleged use of a government maternity hospital for an MLA's family birthday celebration.