ഹൈക്കോടതി ജഡ്ജി നിയമനം രാജ്യസഭയിൽ; ഹാരിസ് ബീരാൻ പറഞ്ഞ പേരുകൾ രേഖയിൽനിന്ന് നീക്കി

ന്യൂ ഡൽഹി: കേരള ഹൈക്കോടതിയിലെ ജഡ്ജി നിയമനത്തിലെ കൊളീജിയം ശുപാർശകളിൽ കേന്ദ്ര തീരുമാനം വൈകുന്ന വിഷയം വീണ്ടും രാജ്യസഭയിൽ ഉന്നയിച്ച് ഹാരിസ് ബീരാൻ എം.പി.. മന്ത്രിയോട് ചോദ്യം ചോദിക്കുന്നതിനിടെ ഹാരിസ് ബീരാൻ ഉന്നയിച്ച പേരുകൾ രാജ്യസഭാ രേഖകളിൽനിന്ന് ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നീക്കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം ഉൾപ്പടെ സർക്കാരിന്റെ പരിഗണനയിൽ ഉള്ള ഏഴ് ശുപാർശകളിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ രാജ്യസഭയെ അറിയിച്ചു.
രാജ്യസഭയിലെ ചോദ്യോത്തര വേളയിലാണ് കേരള ഹൈക്കോടതിയിലെ ജഡ്ജി നിയമന വിഷയം ഹാരിസ് ബീരാൻ രാജ്യസഭയിൽ ഉന്നയിച്ചത്. നിലവിൽ കേരള ഹൈക്കോടതിയിൽ ആറ് ജഡ്ജിമാരുടെ ഒഴിവുകൾ ഉണ്ട്. എന്നാൽ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശചെയ്ത ഒരു ജുഡീഷ്യൽ ഓഫീസറുടെ പേരും അഭിഭാഷകയുടെ പേരും സർക്കാരിന്റെ പരിഗണനയിലാണ്. കൊളീജിയം ശുപാർശകളിൽ എന്തുകൊണ്ടാണ് കേന്ദ്ര തീരുമാനം വൈകുന്നതെന്ന് അദ്ദേഹം ആരാഞ്ഞു. ഇതോടൊപ്പം, ഡൽഹി ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാർശചെയ്ത ഒരു പേരും രാജ്യസഭയിൽ സഭയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് നിയമനം ഉൾപ്പടെ ഏഴ് ശുപാർശകൾ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ അറിയിച്ചു. ഇതിൽ ചീഫ് ജസ്റ്റിസ് നിയമനം സംബന്ധിച്ച സുപ്രീം കോടതി കൊളീജിയം ശുപാർശ ലഭിച്ചത് ജൂലൈ 11-ന് ആണ്. ജൂൺ നാലിന് നാല് ജുഡീഷ്യൽ ഓഫീസർമാരെ ജഡ്ജിമാരായി ഉയർത്താൻ ഉളള കൊളീജിയം ശുപാർശ കേന്ദ്രത്തിന് ലഭിച്ചു. ഇതിന് പുറമെ കഴിഞ്ഞ വർഷം ഒക്ടോബർ 10 -ന് ഒരു ജുഡീഷ്യൽ ഓഫീസറെയും ഈ വർഷം ഏപ്രിൽ 16 -ന് ഒരു അഭിഭാഷകയെയും ജഡ്ജിമാരായി ഉയർത്താനുള്ള കൊളീജിയം ശുപാർശയും കേന്ദ്രത്തിന് ലഭിച്ചു. ഈ ശുപാർശകളെല്ലാം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നും തീരുമാനം വൈകില്ലെന്നും അർജുൻ റാം മേഘ്‌വാൾ സഭയെ അറിയിച്ചു. എന്നാൽ, എന്തുകൊണ്ടാണ് കഴിഞ്ഞവർഷം ഒക്ടോബറിലും ഈ വർഷം ഏപ്രിലിലും ലഭിച്ച ശുപാർശകളിൽ തീരുമാനം വൈകുന്നത് എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമായ ഒരു ഉത്തരം നൽകിയില്ല.
Content Highlights: Appointment of High Court Judge