പരീക്ഷാ ക്രമക്കേട് തടയൽ ബിൽ ഇന്ന് തന്നെ ലോക്സഭ കടക്കും? പാസാക്കാൻ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള പുതിയ ബില്ല് പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ഇന്ന് തന്നെ പാസാക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ഇന്ന് സഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷം വലിയ ബഹളം വെച്ചതിനെത്തുടർന്ന് പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടു. ഇതേത്തുടർന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ചർച്ച ചെയ്ത് ഒരു സമവായത്തിലെത്താൻ സ്പീക്കർ ലോക്സഭാ നടപടികൾ വൈകുന്നേരം അഞ്ച് മണി വരെ നിർത്തിവെച്ചിരിക്കുകയാണ്.
വൈകുന്നേരം അഞ്ച് മണിക്ക് സഭ വീണ്ടും ചേരുമ്പോഴും പ്രതിപക്ഷ ബഹളം തുടരുകയാണെങ്കിൽ ചർച്ചകൾ ഇല്ലാതെ തന്നെ ബില്ല് പാസാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. മന്ത്രിയുടെ മറുപടിയോടെ ബില്ല് നടപടികൾ അവസാനിപ്പിക്കാനോ അല്ലെങ്കിൽ ഭേദഗതികൾ 'ഗില്ലറ്റിൻ' (ചർച്ച കൂടാതെ വോട്ടിനിട്ട് തള്ളുക) ചെയ്ത് ബില്ല് പാസാക്കി എടുക്കാനോ ഉള്ള നീക്കമാണ് നടക്കുന്നത്. പ്രതിപക്ഷം സഹകരിക്കുകയാണെങ്കിൽ ബില്ലിന്മേൽ ആറ് മണിക്കൂറിലധികം ദീർഘിച്ച ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യം അതിന് അനുകൂലമല്ല.
ബില്ലിന്റെ ഉള്ളടക്കത്തോട് എതിർപ്പില്ലെന്നും സഹകരിക്കാൻ തയ്യാറാണെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എന്നാൽ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചില പ്രത്യേക വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ മറുപടി നൽകണമെന്ന ആവശ്യത്തിൽ അവർ ഉറച്ചുനിൽക്കുന്നു. അമിത് ഷായുടെ പ്രസ്താവനയില്ലാതെ സർക്കാരുമായി ഇനി ഒരു ചർച്ചയ്ക്കും ഇല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെ സഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുകയാണ്.
Content Highlights: Get the latest updates on the Anti-Exam Malpractice Bill in Lok Sabha. Will the government pass it today despite opposition protests?