രാജ ആരെന്ന് ചോദിച്ച് ആനി രാജയ്ക്ക് നോട്ടീസ്; പേര് വോട്ടർപട്ടികയിൽനിന്ന് നീക്കി

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി സി.പി.ഐ. ദേശീയ സെക്രട്ടറി ആനി രാജയുടെ പേര് തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർപട്ടികയിൽനിന്ന് നീക്കി.
ആനി രാജയും സി.പി.ഐ. ജനറൽസെക്രട്ടറിയായ ഭർത്താവ് ഡി. രാജയും ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടർമാരാണ്.
പേരിന്റെ രണ്ടാം ഭാഗത്തിലെ ‘രാജ’ എന്നത് തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാനാണ് കമ്മിഷൻ നോട്ടീസയച്ചത്. അതിനാൽ കരട് വോട്ടർപട്ടികയിൽനിന്ന് അവരുടെ പേര് ഒഴിവാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന തനിക്കാണ് ഇപ്പോൾ ‘യുക്തിപരമായ പിഴവ്’ പറഞ്ഞ് വോട്ടവകാശം നിഷേധിക്കുന്നതെന്ന് ആനി രാജ പ്രതികരിച്ചു.
വയനാട്ടിൽ മത്സരിച്ചപ്പോൾ താൻ ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടറാണെന്ന് തെളിയിക്കാനുള്ള ബൂത്ത് നമ്പരും ഇലക്ടറൽ നമ്പരും സഹിതമുള്ള രേഖ സമർപ്പിച്ചെങ്കിലും ഇത് സ്വീകാര്യമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം.
1987 ജൂലായ് ഒന്നിന് മുൻപുള്ള മതിയായ രേഖകൾ സമർപ്പിക്കാനാണ് നിർദേശിച്ചത്. 1991-ൽ വിവാഹിതയായ തന്റെ പേരിനൊപ്പം 1987-നുമുൻപ് എങ്ങനെ ‘രാജ’ എന്നുചേർത്ത് രേഖ ഉണ്ടാകുമെന്നും ആനി രാജ ചോദിക്കുന്നു.
വോട്ടവകാശം നിഷേധിച്ചാൽ നിയമനടപടിയിലേക്ക് നീങ്ങാനാണ് ആലോചന.
Content Highlights: - Election Commission removed CPI National Secretary Annie Raja's name from the voter list due to insufficient documentation for the surname "Raja."