അഭ്യൂഹങ്ങൾക്ക് വിരാമമിടാൻ അണ്ണാമലൈ, നാളെ നിലപാട് വ്യക്തമാക്കും; പാർട്ടി വിടില്ലെന്ന് ബിജെപി

#ന്യൂസ് ഡെസ്ക്
അണ്ണാമലൈ അമിത് ഷായ്‌ക്കൊപ്പം |ഫോട്ടോ:ANI
അണ്ണാമലൈ അമിത് ഷായ്‌ക്കൊപ്പം |ഫോട്ടോ:ANI

ചെന്നൈ: ബിജെപി വിട്ടേക്കുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നുമുള്ള അഭ്യൂഹങ്ങളിൽ തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ അണ്ണാമലൈ വെള്ളിയാഴ്ച വ്യക്തത വരുത്തും. വെള്ളിയാഴ്ച ഉച്ചയോടെ സാമൂഹിക മാധ്യമങ്ങളിലൂടെ സംവദിക്കുമെന്ന് അണ്ണാമലൈ അറിയിച്ചു. ബിജെപി ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എക്‌സിലൂടെയാണ് അണ്ണാമലൈ ഇക്കാര്യം അറിയിച്ചത്.

'നാളെ ഉച്ചയ്ക്ക് 12 മണിക്ക്, എന്റെ ആശയങ്ങൾ പങ്കുവെക്കാനും മനസ്സ് തുറന്ന് സംവദിക്കാനും ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു', അണ്ണാമലൈ എക്‌സിൽ കുറിച്ചു.

അതേസമയം, അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹം ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ തള്ളി. അണ്ണാമലൈ പാർട്ടിയിൽനിന്ന് രാജിവെച്ചിട്ടില്ലെന്നും പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് നേതാക്കളോട് ആരോടും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അണ്ണാമലൈ ബിജെപി വിട്ടു എന്ന വാർത്തകൾ 'അടിസ്ഥാനരഹിതമായ കിംവദന്തികളാണെ’ന്നും നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും നാഗേന്ദ്രൻ കൂട്ടിച്ചേർത്തു.

'ബിജെപി അധ്യക്ഷൻ എന്ന നിലയിൽ, അദ്ദേഹത്തിൽനിന്ന് രാജിക്കത്ത് എനിക്ക് ലഭിച്ചിട്ടില്ല. ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളില്ല. പുതിയ പാർട്ടി തുടങ്ങുന്നതിനെക്കുറിച്ച് അണ്ണാമലൈ ആരോടും സംസാരിച്ചിട്ടില്ല. ഞങ്ങൾ അദ്ദേഹത്തോട് അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല, അദ്ദേഹവും ഞങ്ങളോട് സംസാരിച്ചിട്ടില്ല', നാഗേന്ദ്രൻ പറഞ്ഞു.

അഭ്യൂഹങ്ങൾ സൃഷ്ടിച്ച് ദേശീയ ശ്രദ്ധപിടിച്ചുപറ്റി നേതൃനിരയിലേക്ക് തിരിച്ചെത്താനുള്ള അണ്ണാമലൈയുടെ തന്ത്രമായും ഈ നീക്കത്തെ കാണുന്നവരുണ്ട്.

Content Highlights: Annamalai to address political rumors via social media on Friday at 12 PM., Nainar Nagendran officially denied reports of Annamalai's resignation.