'ഇത് അവരുടെ തന്നെ പിഴവാണ്'; എഎപിയിലെ പിളർപ്പിൽ പാർട്ടിയെ പഴിച്ച് അണ്ണാ ഹസാരെ

#ന്യൂസ് ഡെസ്ക്
മഹാരാഷ്ട്രയിലെ അഹല്യനഗർ ജില്ലയിൽ, സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ മാധ്യമങ്ങളെ കണ്ടപ്പോൾ | PTI
മഹാരാഷ്ട്രയിലെ അഹല്യനഗർ ജില്ലയിൽ, സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ മാധ്യമങ്ങളെ കണ്ടപ്പോൾ | PTI

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ അട്ടിമറി നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ പാർട്ടിയെ രൂക്ഷമായി വിമർശിച്ച് ഗാന്ധിയൻ അണ്ണാ ഹസാരെ രംഗത്ത് വന്നു. പാർട്ടിയിലുണ്ടായ ഈ വൻ കൊഴിഞ്ഞുപോക്കിന് ആം ആദ്മി പാർട്ടി നേതൃത്വം തന്നെയാണ് ഉത്തരവാദിയെന്ന് അണ്ണാ ഹസാരെ പറഞ്ഞു. പാർട്ടിയുടെ നിലപാടുകളോ പ്രവർത്തനരീതിയോ ആണ് ഇത്തരം ഒരു കൊഴിഞ്ഞുപോക്കിന് കാരണമായതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

ജനാധിപത്യത്തിൽ അഭിപ്രായം പറയുന്നതിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. അവർക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകാം. അതാകാം അവർ പാർട്ടി വിടാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇത് എഎപിയുടെ തന്നെ പിഴവാണ്. അവർ ശരിയായ പാതയിലായിരുന്നുവെങ്കിൽ എംപിമാർ പാർട്ടി വിടില്ലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുതിർന്ന നേതാവ് രാഘവ് ഛദ്ദയും മറ്റ് ആറ് രാജ്യസഭാ എം.പിമാരും പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതായാണ് റിപ്പോർട്ടുകൾ. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ജനശ്രദ്ധയാകർഷിച്ച പാർട്ടിയിൽനിന്ന് പ്രധാന നേതാക്കൾ കൂട്ടത്തോടെ വിട്ടുപോകുന്നത് പാർട്ടിയുടെ ഭാവിയെ സംബന്ധിച്ച് വലിയ ആശങ്കകളാണ് ഉയർത്തുന്നത്. രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഈ നീക്കം കാരണമായേക്കാം. എംപിമാർക്ക് പുറമെ എഎപി എംഎൽഎമാരും പാർട്ടി വിടുമെന്നാണ് സൂചനകൾ.

പഞ്ചാബിലും എഎപിയിൽ വിള്ളലുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിനിടെ എംപിമാർ പാർട്ടിവിട്ട വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാൻ രാഷ്ട്രപതിയെ കണ്ടിരുന്നു.

Content Highlights: Anna Hazare holds AAP leadership responsible for the internal party collapse., Reports suggest Raghav Chadha and other Rajya Sabha MPs are joining the BJP., The mass exit of leaders poses a significant threat to AAP's future in Delhi and Punjab., Bhagwant Mann has sought presidential intervention regarding the defection of MPs.