മണ്ഡല പുനര്‍നിര്‍ണയം: ദക്ഷിണേന്ത്യയില്‍ ഒരു പാര്‍ലമെന്റ് സീറ്റുപോലും കുറയില്ലെന്ന് അമിത് ഷാ

എംകെ സ്റ്റാലിൻ, അമിത് ഷാ | Photo: PTI, ANI
എംകെ സ്റ്റാലിൻ, അമിത് ഷാ | Photo: PTI, ANI

ചെന്നൈ: മണ്ഡല പുനർനിർണയം മൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു പാർലമെൻ്റ് സീറ്റ് പോലും നഷ്ടമാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  എന്ത് വർദ്ധനവുണ്ടായാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ന്യായമായ വിഹിതം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോയമ്പത്തൂർ, തിരുവണ്ണാമലൈ, രാമനാഥപുരം പ്രദേശങ്ങളിലെ പാർട്ടി ഓഫീസുകളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കാൻ ബുധനാഴ്ച യോ​ഗം ചേരുന്നുണ്ട്. തമിഴ്നാട്ടിൽ പൊതുജനങ്ങൾ വലഞ്ഞിരിക്കുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. മണ്ഡല പുനർനിർണയത്തിന് ശേഷം  ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തും ഒരു സീറ്റ് പോലും കുറയില്ലെന്ന് മോദി സർക്കാർ ലോക്സഭയിൽ വ്യക്തമാക്കിയതാണ്. എന്ത് വർദ്ധനവുണ്ടായാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ന്യായമായ വിഹിതം ലഭിക്കും. ഇതിൽ സംശയിക്കേണ്ട കാര്യമില്ല. അമിത് ഷാ പറഞ്ഞു.

ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം നടന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകളുടെ എണ്ണം കുറയുമെന്ന് സ്റ്റാലിന്‍ മുമ്പ് ആരോപിച്ചിരുന്നു. കുടുംബാസൂത്രണം കാര്യക്ഷമായി നടപ്പാക്കിയതിനാല്‍ തമിഴ്നാട്ടിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം കുറയാന്‍ ഇടയുണ്ടെന്നാണ് സ്റ്റാലിന്റെ നിലപാട്. ഇക്കാര്യത്തില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഡിഎംകെ ശ്രമിക്കുന്നതിനിടെയാണ് മറുപടിയുമായി അമിത് ഷാ രംഗത്ത് വന്നത്.

സ്റ്റാലിൻ തമിഴ് ജനതയോട് കള്ളം പറയുകയാണെന്നും തൻ്റെ സർക്കാരിൻ്റെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും അമിത് ഷാ വിമർശിച്ചു. സ്റ്റാലിൻ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്തുകൊണ്ടാണ്  തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതെന്നും സ്റ്റാലിൻ മറുപടി പറയണമെന്നും ഷാ ആവശ്യപ്പെട്ടു. ഡിഎംകെ അഴിമതിയിൽ ബിരുദാനന്തര ബിരുദമുള്ള ഒരു പാർട്ടിയാണെന്നും കള്ളപ്പണം വെളുപ്പിക്കൽ, മണൽ ഖനനം, 2 ജി അഴിമതി ഉൾപ്പെടെയുള്ള അഴിമതികളിൽ പല നേതാക്കളും പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്‌നാടിൻ്റെ ക്രമസമാധാന നിലവാരം താഴ്ന്ന നിലയിലാണെന്നും മന്ത്രി കുറ്റപ്പെടുത്തി.  2026 നിയമസഭാ തിരഞ്ഞെടുപ്പ് ഒരു വഴിത്തിരിവായിരിക്കുമെന്നും തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്നും അമിത് ഷാ പറഞ്ഞു. ഡിഎംകെയുടെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും എൻഡിഎ സർക്കാർ ഒരു പുതിയ തുടക്കമാകണമെന്നും കേന്ദ്രമന്ത്രി  പ്രവർത്തകരോട് പറഞ്ഞു.

Content Highlights: Amit Shah assures no South Indian state will lose a Parliament seat due to delimitation