'മയക്കുമരുന്ന് വ്യാപാരം ഇന്ത്യയിൽനിന്ന് വേരോടെ പിഴുതെറിയാനുള്ള സമയപരിധി നിശ്ചയിച്ചു, ഇതുവരെ ചെയ്തതൊന്നും പോരാ'

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: രാജ്യത്തെ ലഹരിമരുന്ന് വ്യാപാരം പൂർണമായും ഇല്ലാതാക്കുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. 2029 ഡിസംബർ 31 നകം രാജ്യത്തെ മയക്കുമരുന്ന് വ്യാപാരം വേരോടെ പിഴുതെറിയുമെന്ന് അമിത് ഷാ പറഞ്ഞു. ലഹരിമരുന്ന് വ്യാപാരത്തെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായി വിശേഷിപ്പിച്ച അദ്ദേഹം, ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിൽ നിന്ന് മാറി, കടത്ത് ശൃംഖലകളെയാകെ തകർക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഏജൻസികളോടും ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 'ആന്റി-നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ്' (ANTF) മേധാവികളുടെ മൂന്നാമത് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അമിത് ഷായുടെ പ്രഖ്യാപനം. വ്യക്തമായ ലക്ഷ്യങ്ങളും സമയപരിധിയും ഉത്തരവാദിത്വവുമുള്ള ഒരു നിർണായക പോരാട്ടമായി ലഹരിമരുന്നിനെതിരായ പോരാട്ടം മാറണമെന്ന് ഷാ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്കും (NCB)മാത്രം ഈ വിപത്തിനെ നേരിടാനാവില്ലെന്ന് പറഞ്ഞ അമിത് ഷാ, സംസ്ഥാന സർക്കാരുകൾ, പോലീസ്, രഹസ്യാന്വേഷണ ഏജൻസികൾ, മറ്റ് വകുപ്പുകൾ എന്നിവയുടെ ഏകോപിത പ്രവർത്തനം ആവശ്യമാണെന്നും വ്യക്തമാക്കി.

യോഗങ്ങൾ ചേരുന്നതിൽനിന്ന് ദൗത്യങ്ങളിലേക്ക് കടക്കണം. റിപ്പോർട്ടിങ്ങിൽ നിന്ന് ഫലപ്രാപ്തിയിലേക്കും, പിടിച്ചെടുക്കലിൽ നിന്ന് ശൃംഖലകൾ തകർക്കുന്നതിലേക്കും, കേസ് രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് കുറ്റക്കാരെ ശിക്ഷിക്കുന്നതിലേക്കും പ്രവർത്തനരീതി മാറണമെന്ന് അമിത് ഷാ പറഞ്ഞു. ലഹരിമരുന്ന് മാഫിയകളുടെ ഉറവിട കേന്ദ്രങ്ങൾ, അന്തർസംസ്ഥാന വിതരണ ശൃംഖലകൾ, പ്രാദേശിക വിൽപ്പന ശൃംഖലകൾ എന്നിവയെ ലക്ഷ്യമിടണമെന്നും അന്വേഷണ ഏജൻസികളോട് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.

മയക്കുമരുന്നു കടത്തിലൂടെ ലഭിക്കുന്ന പണം പിടിച്ചെടുക്കുന്നതിനായി സാമ്പത്തിക അന്വേഷണങ്ങൾ നടത്തണം. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുള്ള ബന്ധങ്ങൾ വിശകലനം ചെയ്തുമുള്ള അന്വേഷണം നടത്താനും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.

പ്രചാരണത്തിന്റെ ഭാഗമായി, ഒരു ലക്ഷം 'ലഹരിമുക്ത മിത്രങ്ങളെ' (Nashamukt Mitras) സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളതെന്ന് ഷാ പറഞ്ഞു. ഇതിൽ 46,780 പേർ ഇതിനകം വിവിധ മന്ത്രാലയങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവാക്കൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിനായി ഈ സന്നദ്ധപ്രവർത്തകർ സ്കൂളുകൾ, കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന വിദേശികളെ നാടുകടത്തുന്നതിനും കരിമ്പട്ടികയിൽ പെടുത്തുന്നതിനുമുള്ള നീക്കങ്ങൾ ശക്തമാക്കും. കേസുകളിൽ ഉൾപ്പെടുന്നവരെ ശിക്ഷിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കാനും സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

'ഭാവി തലമുറകളെ നശിപ്പിക്കുന്ന ഈ മയക്കുമരുന്ന് വിപത്ത് അവസാനിപ്പിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വവും ദൃഢനിശ്ചയവുമായിരിക്കണം, ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് ഒരു ഗ്രാം മയക്കുമരുന്ന് പോലും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല, നമ്മുടെ രാജ്യത്ത് നിന്ന് ലോകത്തേക്ക് ഒരു ഗ്രാം മയക്കുമരുന്ന് പോലും പുറത്തേക്ക് കടത്തില്ല എന്നതായിരിക്കണം നമ്മുടെ ദൃഢനിശ്ചയം. മയക്കുമരുന്നിന് അടിമയായ ഒരു ചെറുപ്പക്കാരന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും ഒരിക്കലെങ്കിലും കണ്ടു നോക്കൂ. അവരെ കാണുന്നതുവരെ നിങ്ങൾക്ക് ഈ പോരാട്ടത്തിന്റെ തീവ്രത ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. ഇതുവരെ നമ്മൾ ചെയ്തതൊന്നും പോരാ. എല്ലാ സ്കൂളിലെയും പ്രിൻസിപ്പൽ, ഗ്രാമത്തിലെ ഉദ്യോഗസ്ഥർ, പോലീസ് സ്റ്റേഷനിലെ പിഎസ്ഐ, ഡിജിപി, സംസ്ഥാനത്തെ ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയടക്കം എല്ലാവരും ഒരേ ദിശയിൽ പ്രവർത്തിക്കുന്നതുവരെ, നമുക്ക് വിജയം കൈവരിക്കാൻ കഴിയില്ല' അമിത് ഷാ ഓർമിപ്പിച്ചു.

Content Highlights: Union Home Minister Amit Shah announced December 31, 2029, as the deadline to completely eradicate the drug trade in India., Emphasized shifting focus from merely seizing drugs to dismantling entire smuggling networks and supply chains., Called for coordinated action among central agencies, state governments, police, and intelligence departments., Introduced the goal of creating one lakh 'Nashamukt Mitras' to spread awareness among youth in schools and colleges.