'ആയുധംവെച്ച് കീഴടങ്ങുക, പോലീസ് വെടിയുതിര്‍ക്കില്ല'; മാവോവാദികളുടെ വെടിനിര്‍ത്തൽ ആവശ്യത്തോട് പ്രതികരിച്ച് അമിത് ഷാ

അമിത് ഷാ | ഫോട്ടോ: മാതൃഭൂമി
അമിത് ഷാ | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പുറത്തിറക്കിയ കുറിപ്പിനോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഔപചാരികമായ വെടിനിര്‍ത്തലിന്റെ സാധ്യത തള്ളിക്കളഞ്ഞ അമിത് ഷാ, സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു.

“ഇതുവരെ സംഭവിച്ചതെല്ലാം തെറ്റാണെന്നും വെടിനിര്‍ത്തല്‍ വേണമെന്നും കീഴടങ്ങാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും കാട്ടി ഒരു കത്ത് പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വെടിനിര്‍ത്തലുണ്ടാകില്ല. അവര്‍ക്ക് കീഴടങ്ങണമെങ്കില്‍ വെടിനിര്‍ത്തലിന്റെ ആവശ്യമില്ല. നിങ്ങളുടെ ആയുധംവെച്ച് കീഴടങ്ങുക. പോലീസ് നിങ്ങള്‍ക്കുനേരെ ഒരു വെടി പോലുമുതിര്‍ക്കില്ല”, അമിത് ഷാ പറഞ്ഞു. മാവോയിസ്റ്റ് വക്താവ് മല്ലുജോള വേണുഗോപാല്‍ എന്ന അഭയ് പുറത്തിറക്കിയതെന്ന് കരുതപ്പെടുന്ന കത്ത് പുറത്തുവന്നതിന് പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം.

സായുധ പോരാട്ടം അവസാനിപ്പിക്കുകയാണെന്നും കേന്ദ്രവുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നതായും കത്തില്‍ പറയുന്നു. കത്തിന്റെയും ഇതോടൊപ്പം പുറത്തിറങ്ങിയ ഒരു ശബ്ദശകലത്തിന്റെയും ആധികാരികത ചത്തീസ്ഗഢ് ആഭ്യന്തര മന്ത്രി വിജയ് ശര്‍മ സ്ഥിരീകരിച്ചിട്ടുണ്ട്. പോരാട്ടം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ സംസ്ഥാനത്തുടനീളം സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍ നീക്കംചെയ്ത് വിശ്വാസ്യത ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സേനയുടെ ഭാഗത്തുനിന്ന് മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതിന് പിന്നാലെയാണ് പുതിയ സംഭവവികാസം.

Content Highlights: Amit shah reply on maoists ceasfire request