എസ്‌ഐആറില്‍ ചര്‍ച്ച: അമിത് ഷായും രാഹുല്‍ ഗാന്ധിയും തമ്മില്‍ വാക്‌പോര്; ലോക്‌സഭയില്‍ നാടകീയരംഗങ്ങള്‍

#ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ ലോക്‌സഭയില്‍ വാക്‌പോര്. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി(എസ്‌ഐആര്‍) ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് ലോക്‌സഭയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. എസ്‌ഐആര്‍ സംബന്ധിച്ച് അമിത് ഷാ പ്രസംഗിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഇടപെട്ടത്. എസ്‌ഐആറില്‍ താന്‍ നടത്തിയ പത്രസമ്മേളനങ്ങളില്‍ സംവാദത്തിനായി അദ്ദേഹം അമിത് ഷായെ വെല്ലുവിളിച്ചു. എന്നാല്‍, താന്‍ എന്തുപറയണമെന്നത് ആരും കല്പിക്കേണ്ടതില്ലെന്ന് അമിത് ഷാ തിരിച്ചടിച്ചു. ചില കുടുംബങ്ങളാണ് പാരമ്പര്യമായി വോട്ട് ചോരി നടത്തുന്നതെന്നും നെഹ്‌റു കുടുംബത്തെ ഉന്നമിട്ട് അദ്ദേഹം വിമര്‍ശിച്ചു.

എസ്‌ഐആര്‍ വിഷയത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചനടത്താന്‍ കഴിയില്ലെന്ന് പറഞ്ഞാണ് അമിത് ഷാ പ്രസംഗം ആരംഭിച്ചത്. എസ്‌ഐആര്‍ വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരല്ല. അതിനാല്‍, ഇതേക്കുറിച്ച് ചര്‍ച്ചനടത്തുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്താല്‍ ആരാണ് ഉത്തരം നല്‍കുകയെന്നും അമിത് ഷാ ചോദിച്ചു. എന്നാല്‍, ചര്‍ച്ചയില്‍നിന്ന് ഒളിച്ചോടില്ലെന്ന് കാണിക്കാന്‍ ചര്‍ച്ചനടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍പട്ടിക പരിഷ്‌കരണം പുതിയ കാര്യമല്ല. മിക്ക എസ്‌ഐആറും നടത്തിയത് കോണ്‍ഗ്രസ് ഭരണകാലത്താണ്. മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്തും അതുനടന്നിരുന്നു. എന്നാല്‍, അതേ കോണ്‍ഗ്രസ് ഇപ്പോള്‍ എസ്‌ഐആറിനെക്കുറിച്ച് തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. ഒരു വോട്ടര്‍ക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുചെയ്യാന്‍ കഴിയുമോ, അതിനാല്‍ എസ്‌ഐആര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കുന്നതിനാണെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തതില്‍ പ്രതിപക്ഷം ആശങ്കാകുലരാണ്. കാരണം, അവരെ പിന്തുണയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ പേരുകള്‍ എസ്‌ഐആറിലൂടെ ഇല്ലാതാകും. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ അനധികൃത കുടിയേറ്റക്കാരും പങ്കാളികളാകണോയെന്നും മന്ത്രി ചോദിച്ചു.

നവംബര്‍ അഞ്ചിന് പ്രതിപക്ഷനേതാവ് ഒരു അണുബോംബിട്ടു. പക്ഷേ, ആ വോട്ടര്‍പട്ടികയില്‍ പേരുള്ളവരെല്ലാം ഹരിയാണയില്‍ നിലവിലുള്ളവരാണ്. ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുന്നതില്‍ തെറ്റുപറ്റിയതാണെന്ന് ബിഹാറിലെ വോട്ടര്‍ മിന്റാ ദേവിയും പറഞ്ഞു. നിങ്ങള്‍ ജയിക്കുമ്പോള്‍ നിങ്ങള്‍ പുതിയ വസ്ത്രമെല്ലാം ധരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. നിങ്ങള്‍ വിജയിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മികച്ചതാകുന്നു. എന്നാല്‍, നിങ്ങള്‍ തോല്‍ക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിവുകെട്ടവരാകുന്നു. അത്തരം ഇരട്ടത്താപ്പ് നടക്കില്ലെന്നും അമിത് ഷാ തുറന്നടിച്ചു.

അമിത് ഷായുടെ പ്രസംഗത്തിനിടെ പ്രതിപക്ഷത്തുനിന്ന് പലതവണ ഇടപെടലുണ്ടായി. ഇതിനിടെയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മന്ത്രിയെ വെല്ലുവിളിച്ചത്. എസ്‌ഐആറില്‍ തങ്ങള്‍ നടത്തിയ മൂന്ന് പത്രസമ്മേളനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനായിരുന്നു രാഹുല്‍ഗാന്ധിയുടെ വെല്ലുവിളി. പലപ്പോഴും രാഹുല്‍ ഗാന്ധി ഇടപെട്ടപ്പോള്‍ അമിത് ഷാ ക്ഷുഭിതനാവുകയുംചെയ്തു. മുതിര്‍ന്ന നേതാക്കള്‍ സംസാരിക്കുമ്പോള്‍ തടസ്സപ്പെടുത്തരുതെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. പിന്നാലെ അമിത് ഷാ അദ്ദേഹത്തിന്റെ പ്രസംഗം തുടരുകയായിരുന്നു.

Content Highlights: Heated exchange between Home Minister Amit Shah and Rahul Gandhi in Lok Sabha over voter list reforms (SIR). Dramatic scenes unfolded. Read more.