കേരളത്തിൽ ജയിച്ചപ്പോൾ കമ്മിഷനെ കുറിച്ച് പരാതിയില്ല, ഈ രീതിയിൽ അടുത്ത 30 വർഷം കോൺഗ്രസ് അധികാരത്തിൽവരില്ല-അമിത് ഷാ

ന്യൂഡൽഹി: നെഗറ്റീവ് രാഷ്ട്രീയവുമായി മുന്നോട്ടുപോകുന്ന കോൺഗ്രസിന് അടുത്ത 30 വർഷത്തേക്ക് അധികാരത്തിൽ വരാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് സംരക്ഷിക്കാൻ മാത്രമാണ് രാഹുൽ ഗാന്ധി 'വോട്ട് മോഷണ' ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
തോൽക്കുമ്പോൾ മാത്രമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെയും കോടതികളെയും കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും തെലങ്കാനയിലും അടക്കം കോൺഗ്രസ് വിജയിച്ചപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനെ കുറിച്ച് ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
'ഇതേ തിരഞ്ഞെടുപ്പ് കമ്മിഷനാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടത്തിയത്. അതേ വോട്ടർ പട്ടികയും അതേ വോട്ടിങ് മെഷീനും ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയതും അതിൽ വിജയിച്ച് കോൺഗ്രസ് അധികാരത്തിലേറിയതും. അന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ച് അവർക്ക് ഒരു പരാതിയുമുണ്ടായിരുന്നില്ല. തെലങ്കാനയിൽ വിജയിച്ചപ്പോൾ, തിരഞ്ഞെടുപ്പ് കമ്മിഷൻ അവർക്ക് മികച്ചതായിരുന്നു. ഹിമാചൽ പ്രദേശിലും അവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷനും വോട്ടർ പട്ടികയും കുറ്റമറ്റതായിരുന്നു. തമിഴ്നാട്ടിൽ, അവർ പിന്തുണയ്ക്കുന്ന സർക്കാർ അധികാരത്തിലിരിക്കുമ്പോൾ, അവിടുത്തെ തിരഞ്ഞെടുപ്പ് കമ്മിഷനും വോട്ടർ പട്ടികയും ശരിയായ രീതിയിലാണെന്ന് അവർ അംഗീകരിച്ചു. എന്നാൽ പരാജയപ്പെടുമ്പോൾമാത്രം, തിരഞ്ഞെടുപ്പ് കമ്മിഷൻ ശരിയല്ലെന്ന് അവർ പറയുന്നു. കോടതികൾ നിങ്ങൾക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുമ്പോൾ അവ മികച്ചതാണ്. എന്നാൽ വിധി എതിരായി വന്നാൽ, കോടതികൾ ശരിയായ കാര്യമല്ല ചെയ്തതെന്ന് ആരോപിക്കുന്നു' അമിത് ഷാ പറഞ്ഞു.
'നിങ്ങൾ നെഗറ്റീവ് രാഷ്ട്രീയം തുടരുന്ന രീതി വെച്ചു നോക്കുമ്പോൾ, 2030-ൽ പോലും നിങ്ങൾക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ല. നിങ്ങൾ വിജയിക്കുന്നിടത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നു, എന്നാൽ എപ്പോഴൊക്കെ നിങ്ങൾ തോൽക്കുന്നുവോ അപ്പോഴൊക്കെ തിരഞ്ഞെടുപ്പ് കമ്മിഷൻ കുറ്റക്കാരനാകുന്നു. എന്റെ വാക്കുകൾ നിങ്ങൾക്ക് കേൾക്കാൻ കഴിയുമെങ്കിൽ ഓർക്കുക, അടുത്ത 30 വർഷത്തേക്ക് നിങ്ങളുടെ ഊഴം വരാൻ പോകുന്നില്ല' അമിത് ഷാ കൂട്ടിച്ചേർത്തു.
Content Highlights: Amit Shah predicts Congress will not come to power for the next 30 years due to negative politics., Accused Rahul Gandhi of raising vote theft allegations to protect infiltrators' vote bank., Criticized Congress for blaming the Election Commission and courts only when they face defeat.