യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു.
ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി, ഭരണമെന്നത് പൊതുസേവനത്തേക്കാൾ വ്യക്തിപരമായ അധീശത്വത്തിനുള്ള ഉപകരണമായി ചുരുക്കിയെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വിനോദ് ദിവാകറിന്റേതാണ് നിരീക്ഷണം.
സംസ്ഥാനത്തിന്റെ ഭരണസംവിധാനം ആഴത്തിലുള്ള രാഷ്ട്രീയ സ്വാധീനത്തിന് വിധേയമായിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ, നിയമനങ്ങൾ, സ്ഥാനക്കയറ്റങ്ങൾ എന്നിവ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള നടപടകളേക്കാൾ രാഷ്ട്രീയ പക്ഷപാതത്തിന്റെ ഉപകരണങ്ങളായെന്നും കോടതി ചൂണ്ടിക്കാട്ടി.
നേതാക്കളുടെ വിശ്വസ്തരായി കണക്കാക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് നിയമനങ്ങളിൽ മുൻഗണന ലഭിക്കുന്നു. ഇതിന്റെ ഫലമായി സ്വതന്ത്രമായി പ്രവർത്തിക്കുന്നവർ പ്രാധന്യമില്ലാത്ത നിയമനങ്ങളിലേക്ക് ഒതുക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ കൂറ് ഭരണഘടനയോടല്ല, ഭരണസംവിധാനത്തോടാണ്. രാഷ്ട്രീയ മേലധികാരികളെ തൃപ്തിപ്പെടുത്തുന്നതായി പോലീസ് നടപടികൾ മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യാജ ഏറ്റുമുട്ടലുകളും സെലക്ടീവായ അടിച്ചമർത്തലുകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
'ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഒരു വലിയ വിഭാഗം നിയമവാഴ്ചയെ ഭരണഘടനാപരമായ കടമയായി കാണുന്നില്ല, ഒരു ബുദ്ധിമുട്ടായാണ് കാണുന്നത്. ശരിയായ നടപടിക്രമങ്ങളില്ലാതെ അറസ്റ്റുകൾ നടത്തുന്നു. പലപ്പോഴും ദുരുദ്ദേശ്യത്തോടെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിനനുസരിച്ച് പ്രതിരോധ, കരുതൽ നിയമങ്ങൾ യാതൊരു കാരണവുമില്ലാതെ ഉപയോഗിക്കുന്നു', ജസ്റ്റിസ് വിനോദ് ദിവാകർ പറഞ്ഞു.
ഗുണ്ടാ ആക്ട് പ്രകാരം നടപടിയെടുത്ത കേസിൽ പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണങ്ങൾ നടത്തിയത്. സംസ്ഥാനത്ത് പോലീസ് അധികാരം ദുരുപയോഗം ചെയ്യുന്നതായാണ് കോടതിയുടെ കണ്ടെത്തൽ. സംസ്ഥാന അഭ്യന്തര സെക്രട്ടറിയെ വിമർശിക്കുകയും വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗ്യതയും പ്രവർത്തനക്ഷമതയും സ്വതന്ത്രമായി വിലയിരുത്താൻ കോടതി സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
Content Highlights: Allahabad HC observes UP Police prioritizes political masters over the Constitution., Justice Vinod Diwakar criticizes feudal mindset in state administration