ഡല്‍ഹി സര്‍വ്വകലാശാലയിലെ 1995 ലെ ഓര്‍മകള്‍; രേഖാ ഗുപ്തയ്ക്ക് ആശംസ നേര്‍ന്ന് അല്‍ക്ക ലാംബ

ഡല്‍ഹി: മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട രേഖാ ഗുപ്തയ്ക്ക് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ. 1995 കാലഘട്ടത്തില്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. രേഖാ ഗുപ്തയ്ക്കൊപ്പം യൂണിയന്‍ ഭാരവാഹിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രം പങ്കുവച്ചാണ് അല്‍ക്കയുടെ കുറിപ്പ്.
'1995-ല്‍ രേഖ ഗുപ്തയും ഞാനും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ എടുത്തതാണ് ഈ അവിസ്മരണീയ ചിത്രം. എന്‍.എസ്.യുവിനെ പ്രതിനിധീകരിച്ച് ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ വിദ്യാര്‍ഥി യൂണിയന്റെ അധ്യക്ഷ പദവി ഞാന്‍ നേടി. എബിവിപിയില്‍ നിന്ന് രേഖ ജനറല്‍ സെക്രട്ടറി പദവിയില്‍ വിജയിച്ചു. നാലാമത്തെ വനിതാ മുഖ്യമന്ത്രിയെ ലഭിച്ച ഡല്‍ഹിക്ക് അഭിനന്ദനങ്ങള്‍, യമുനാ വൃത്തിയുള്ളതായിരിക്കുമെന്നും നമ്മുടെ പെണ്‍മക്കള്‍ സുരക്ഷിതരായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു- അല്‍ക്ക ലാംബ കുറിച്ചു.
നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലേറുന്നത്. സുഷമസ്വരാജിന് ശേഷം ബിജെപിയില്‍ നിന്ന് ഡല്‍ഹിയില്‍ മുഖ്യമന്ത്രി പദത്തിലേക്കെത്തുന്ന വനിതയാണ് രേഖാ ഗുപ്ത. 1974-ല്‍ ഹരിയാനയില്‍ ജനിച്ച രേഖാ ഗുപ്ത വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകുന്നത്. 1992-ല്‍ ഡല്‍ഹി ദൗലത്ത് റാം കോളേജിലെ പഠനകാലത്താണ് രേഖാ ഗുപ്ത എബിവിപിയിലൂടെ വിദ്യാര്‍ഥിരാഷ്ട്രീയത്തിലെത്തുന്നത്. 1996-97 കാലഘത്തില്‍ ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍- DUSU ന്റെ പ്രസിഡന്റുമായിരുന്നു.
2003 മുതല്‍ 2004 വരെ ഡല്‍ഹി യുവമോര്‍ച്ചയുടെ സെക്രട്ടറിയും 2004 മുതല്‍ 2006 വരെ യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറിയുമായി. 2007ല്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് പിതംപുരയില്‍ നിന്ന് കൗണ്‍സിലറായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 2012-ലും തിരഞ്ഞെടുപ്പില്‍ വിജയിച്ച് കൗണ്‍സിലറായി. ബി.ജെ.പിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗവും മഹിളാമോര്‍ച്ച ദേശീയ ഉപാധ്യക്ഷയുമാണ് നിലവില്‍ രേഖാ ഗുപ്ത. ബിജെപി ഡല്‍ഹി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറി ചുമതലയും വഹിച്ചിട്ടുണ്ട്. എന്റെ ജോലിയാണ് എന്റെ ഐഡന്റിറ്റി എന്ന ടാഗ്ലൈനോടെ ഡിജിറ്റല്‍ സ്പേസിലും ബിജെപിയുടെ യുവമുഖമാണ്.
Content Highlights: Delhi University union, Congress leader Alka lamba shares photo of Rekha Gupta