'ഷൂ ധരിക്കുന്നവർക്കേ അതിന്റെ വേദന അറിയൂ'; യോഗി ആദിത്യനാഥിനെ പരിഹസിച്ച് അഖിലേഷ് യാദവ്

ലഖ്നൗ: ഉത്തർപ്രദേശിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് പിന്നാലെ കരട് വോട്ടർപട്ടികയിൽനിന്ന് 1.2 കോടിയിലധികം ഹിന്ദു വോട്ടർമാരുടെ പേരുകൾ കാണാതായെന്ന യോഗിയുടെ പരാമർശത്തോടായിരുന്നു അഖിലേഷിന്റെ പ്രതികരണം.
'ഷൂ ധരിക്കുന്നവർക്കേ അത് കാരണമുണ്ടാകുന്ന വേദന അറിയൂ' എന്ന തരത്തിലുള്ള ചൊല്ല് ഉദ്ധരിച്ചായിരുന്നു അഖിലേഷിന്റെ പരിഹാസം. വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ വോട്ടർമാരുടെ പേരുകൾ നീക്കംചെയ്യുന്നതിനെതിരെ പ്രതിപക്ഷം നേരത്തേ ഉന്നയിച്ച അതേ ആശങ്കയാണ് ഇപ്പോൾ മുഖ്യമന്ത്രിയും പങ്കുവെക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇപ്പോൾ നിങ്ങളും ഞങ്ങളും തമ്മിൽ എന്താണ് വ്യത്യാസം? പരാതികളിലും പങ്കുവെക്കുന്ന ദുഃഖങ്ങളിലും പോലും വ്യത്യാസമില്ലാതായിരിക്കുന്നു' എന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.
എസ്ഐആറിന് പിന്നാലെ 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടെന്നും മുസ്ലിം വോട്ടർമാരുടെ എണ്ണത്തിൽ 1.65 ശതമാനം വർധനയുണ്ടായെന്നും യോഗി ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അഭിമുഖത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അഖിലേഷ് പ്രതികരിച്ചത്. 1.27 കോടി വോട്ടുകൾ നീക്കംചെയ്യപ്പെട്ടെന്ന് ആത്മാർഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽ തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽനിന്ന് നേരത്തേ പങ്കുവെച്ച ഒരു പോസ്റ്റ് വീണ്ടും പങ്കുവെക്കാൻ യോഗിയെ അദ്ദേഹം വെല്ലുവിളിച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗി നടത്തിയ '80:20' പരാമർശത്തെയും അഖിലേഷ് പരിഹസിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് മത്സരിക്കാൻ കഴിയുക 80 സീറ്റുകളിൽ മാത്രമായിരിക്കുമെന്നും പിഡിഎ (പിന്നാക്ക വിഭാഗങ്ങൾ, ദലിതർ, ന്യൂനപക്ഷങ്ങൾ) സഖ്യം എൻഡിഎയെക്കാൾ മുന്നിലെത്തുമെന്നും സൂചിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നായിരുന്നു അഖിലേഷിന്റെ പരിഹാസം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് 80:20 പോരാട്ടമായിരിക്കുമെന്ന് യോഗി പരാമർശം നടത്തിയിരുന്നു. ദേശീയത, സാംസ്കാരിക ദേശീയത, സുരക്ഷ, സമൃദ്ധി എന്നിവയെ പിന്തുണയ്ക്കുന്ന 80 ശതമാനം വോട്ടർമാർ ബിജെപിക്കും എൻഡിഎയ്ക്കും ഒപ്പമായിരിക്കുമെന്നും ബാക്കിയുള്ള 20 ശതമാനം ഈ നിലപാടുകൾക്ക് എതിരായവർക്കൊപ്പമായിരിക്കുമെന്നും യോഗി പറഞ്ഞിരുന്നു.
വോട്ടർപട്ടികയിൽനിന്ന് പേരുകൾ അന്യായമായി നീക്കംചെയ്യുന്നതായും പുതിയ പേരുകൾ ഉൾപ്പെടുത്തുന്നതിൽ ക്രമക്കേടുകളുണ്ടെന്നും ആരോപിച്ച് അഖിലേഷ് യാദവ് നേരത്തേയും എസ്ഐആർ നടപടികളെ ചോദ്യംചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമാജ്വാദി പാർട്ടി പ്രതിനിധി സംഘങ്ങൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതികളും നിവേദനങ്ങളും നൽകിയിരുന്നു. അതേസമയം, ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് പരിഷ്കരണം നടത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
2027-ലാണ് ഉത്തർപ്രദേശിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതി പ്രഖ്യാപിച്ചിട്ടില്ല. 2017 മുതൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. സമാജ്വാദി പാർട്ടിയാണ് പ്രധാന പ്രതിപക്ഷ കക്ഷി.
Content Highlights: Akhilesh Yadav responded to Yogi Adityanath's remarks on missing Hindu voters in the draft voter list., Yogi Adityanath claimed 1.27 crore Hindu voters were removed and Muslim voters increased after revision., Akhilesh mocked Yogi using a Hindi proverb and challenged him regarding the deletion of votes., The political verbal duel comes ahead of the upcoming Uttar Pradesh assembly elections.