മുംബൈയിൽ 'ഇന്ത്യ'യുടെ മൂന്നാം യോഗം; 2014-ൽ അധികാരത്തിൽവന്നവർ 2024-ൽ പുറത്തുപോകുമെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ/മുംബൈ: ഇന്ത്യ മുന്നണിയുടെ മൂന്നാംയോഗത്തിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പി. പൊതുസമൂഹത്തെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2014-ല്‍ അധികാരത്തില്‍ വന്നവര്‍ 2024-ല്‍ പുറത്തുപോകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തുടര്‍ച്ചയായി മുന്നണിയുടെ യോഗങ്ങള്‍ നടക്കുന്നതില്‍ സന്തോഷമുണ്ട്. സഖ്യം സര്‍ക്കാര്‍ ഉണ്ടാക്കുമെന്നതിലും ബി.ജെ.പി. അധികാരത്തില്‍നിന്ന് പുറത്തുപോകുമെന്നതിലും ജനങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. സാധാരണക്കാരെ ബി.ജെ.പി. സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ വഞ്ചിച്ച ആളുകള്‍ 2024- ല്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് ഇന്ത്യ സഖ്യത്തിന്റെ മൂന്നാംയോഗം നടക്കുന്നത്. സഖ്യത്തിന്റെ ലോഗോ പ്രകാശനമടക്കം യോഗത്തിലുണ്ടാകും. കണ്‍വീനറെ കണ്ടെത്താനുള്ള ശ്രമവും യോഗത്തില്‍നടക്കും. 28 പാര്‍ട്ടികളില്‍നിന്നായി 63 പ്രമുഖനേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയടക്കമുള്ളവര്‍ മുംബൈയില്‍ എത്തിയിട്ടുണ്ട്. സഖ്യകക്ഷികള്‍ അധികാരത്തിലില്ലാത്ത സംസ്ഥാനത്ത് ആദ്യമായാണ് 'ഇന്ത്യ' യോഗം ചേരുന്നത്.
ചൈനയ്ക്കുമുമ്പില്‍ മുട്ടുമടക്കിയ രാജ്യത്തെ ഇന്ത്യ സഖ്യം വിജയത്തിലേക്ക് നയിക്കുമെന്ന് ശിവസേന അവരുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലില്‍ അവകാശപ്പെട്ടു. ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റംകണ്ട് ചൈനപോലും പിന്മാറുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് അവകാശപ്പെട്ടു. മഹാരാഷ്ട്രയില്‍നിന്നുള്ള രണ്ടു പ്രാദേശിക പാര്‍ട്ടികള്‍ കൂടി പ്രതിപക്ഷസഖ്യത്തില്‍ ചേരുമെന്ന് ശിവസേന എം.പി. അനില്‍ദേശായിയും പറഞ്ഞു.
ബി.ജെ.പിയിയുടേയും ആര്‍.എസ്.എസിന്റേയും പിടിയില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാനാണ് പ്രതിപക്ഷയോഗമെന്ന് സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാനാണ് പ്രതിപക്ഷം ഒന്നിച്ചിരിക്കുന്നതെന്ന് ആര്‍.ജെ.ഡി. നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജശ്വി യാദവ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
Content Highlights: Akhilesh Yadav india meeting mumbai Those who came to power in 2014 will go out in 2024