യു.പിയിൽ രാഷ്ട്രീയസമവാക്യം മാറ്റിപ്പിടിക്കാൻ സമാജ് വാദി; അയോധ്യ സന്ദർശനം, ബിജെപി വോട്ടുബാങ്കിലേക്ക് കടന്നുകയറാൻ നീക്കം

#സി.പി. ശ്രീഹര്‍ഷന്‍
അഖിലേഷ് യാദവ് ലഖ്‌നൗവില്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍നിന്ന് |ഫോട്ടോ:ANI
അഖിലേഷ് യാദവ് ലഖ്‌നൗവില്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍നിന്ന് |ഫോട്ടോ:ANI

ന്യൂഡൽഹി: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പ്രഖ്യാപിത അയോധ്യാസന്ദർശനത്തെ ചൊല്ലി ഉത്തർപ്രദേശിൽ രാഷ്ട്രീയചർച്ചയ്ക്ക് ചൂടേറുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ നിലവിലെ രാഷ്ട്രീയസമവാക്യത്തിലൊരു മാറ്റിപ്പരീക്ഷണത്തിനുള്ള സമാജ് വാദി പാർട്ടിയുടെ തന്ത്രമാണോ രാമക്ഷേത്രസന്ദർശന പരിപാടിയെന്നാണ് ഉയരുന്ന ചോദ്യം. പിന്നാക്ക, ദളിത്, മുസ്ലിം (പി.ഡി.എ) സമവാക്യമെന്ന 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തെ പരീക്ഷണം വലിയ അളവുവരെ നേട്ടമായെന്ന് വിലയിരുത്തുന്ന അഖിലേഷ് യാദവ്, അതിലൊരു വിപുലീകരണം ആഗ്രഹിക്കുന്നതിന്റെ സൂചനയായി പുതിയ നീക്കത്തെ നിരീക്ഷകർ വ്യാഖ്യാനിക്കുന്നു. സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് വഴിമാറിയിരിക്കെ അഖിലേഷിന്റെ ക്ഷേത്രസന്ദർശനപ്രഖ്യാപനത്തെ ചൊല്ലി എസ്.പി- ബി.ജെ.പി വാക്പോരും ശക്തമായി.

അയോധ്യ സംഭാവനക്കൊള്ളക്കാരെ തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്ന് സമാജ് വാദി വാദിച്ചപ്പോൾ, 1990ൽ കർസേവകർക്കു നേരെ വെടിയുതിർത്ത മുലായംസിങ് സർക്കാരിന്റെ നടപടിയിൽ അയോധ്യയിൽ ആദ്യം വന്ന് ക്ഷമ ചോദിക്കൂവെന്നാണ് ബി.ജെ.പി പറഞ്ഞത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഖിലേഷ് യാദവും തമ്മിൽ നേർക്കുനേരാണ് കൊമ്പുകോർക്കൽ.

സ്വന്തം നാടായ ഇറ്റാവയിൽ നിർമാണത്തിലുള്ള കേദാരേശ്വർ ശിവക്ഷേത്രത്തിന്റെ പ്രതിഷ്ഠാകർമം നടത്തിയശേഷം അയോധ്യയിലെത്തുമെന്നാണ് അഖിലേഷിന്റെ പ്രഖ്യാപനം. ഡിസംബർ 12ന് അതുണ്ടാകുമെന്ന് എസ്.പി വൃത്തങ്ങൾ വ്യക്തമാക്കി. ഭാര്യയും ലോക്സഭാംഗവുമായ ഡിംപിൾ യാദവും ഒപ്പമുണ്ടാകും. സമീപകാലത്തായി വിവിധ ഹിന്ദു സന്ന്യാസിമാർക്കൊപ്പം വേദികൾ പങ്കിടാൻ പ്രത്യേക ശ്രദ്ധ കാണിച്ച അഖിലേഷ് യാദവിന്റെ നീക്കം മാറിയ രാഷ്ട്രീയകാലാവസ്ഥയിൽ കൗതുകത്തോടെ ഉറ്റുനോക്കപ്പെടുകയാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പയറ്റിയ എം.വൈ (മുസ്ലിം- യാദവ) സമവാക്യം രാഷ്ട്രീയവിജയത്തിലേക്കെത്തിക്കാതിരുന്നതോടെയാണ് 2024 ആയപ്പോൾ പിഝഡേ, ദളിത്, അൽപ്പസംഖ്യായക് (പിന്നാക്ക, ദളിത്, മുസ്ലിം) എന്ന പുതിയ കൂട്ടുകെട്ടിലേക്ക് അഖിലേഷ് പരീക്ഷണം മാറ്റിയത്. മായാവതിയുടെയും ബഹുജൻ സമാജ് പാർട്ടിയുടെയും വിശ്വാസ്യതാനഷ്ടവും സംഘടനാശോഷണവും ദളിത് വോട്ടുബാങ്കിനെ ഒരു പരിധിവരെ തങ്ങളിലേക്കടുപ്പിക്കാൻ ഈ സമവാക്യത്തിന് സാധിച്ചു. സമാജ് വാദി- കോൺഗ്രസ് സഖ്യത്തിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാനായത് ഇതേത്തുടർന്നാണ്. അയോധ്യ ഉൾപ്പെട്ട ഫൈസബാദിൽ ജനറൽ സീറ്റായിരുന്നിട്ടും ദളിത് വിഭാഗത്തിൽ നിന്നുള്ള അവധേഷ് പ്രസാദിനെ മത്സരിപ്പിച്ചത് വിജയമായി. യാദവേതര പിന്നാക്കവിഭാഗങ്ങളെ ആകർഷിക്കാനുമായി.

എന്നാൽ ഇതുകൊണ്ടുമാത്രം നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാവില്ലെന്ന തിരിച്ചറിവാണ് അഖിലേഷിനെയിപ്പോൾ നയിക്കുന്നതെന്ന് വേണം വിലയിരുത്താൻ. പിന്നാക്കവിഭാഗങ്ങൾക്കൊപ്പം ബ്രാഹ്മിൺ, ഭൂമിഹാർ, ഠാക്കൂർ ഉൾപ്പെടെയുള്ള മുന്നാക്കക്കാരെയും ആകർഷിക്കാനായാലല്ലാതെ അധികാരം തിരിച്ചുപിടിക്കുക എളുപ്പമല്ല. പി.ഡി.എ സമവാക്യത്തിലെ പി എന്നതിന് പിഝഡേ എന്നതിനൊപ്പം പണ്ഡിറ്റ് എന്നുകൂടി അർഥവ്യാപ്തി കൊടുക്കുകയാണ് ഫലത്തിൽ ഇതിലൂടെ അഖിലേഷ്. ബി.ജെ.പിയുടെ ഹിന്ദുത്വ വോട്ടുകാർഡിലേക്ക് കടന്നുകയറി വിള്ളലുണ്ടാക്കാൻ ഇതിലൂടെയല്ലാതെ സാധിക്കില്ല. 18- 20 ശതമാനത്തോളം മുന്നാക്കവിഭാഗങ്ങളും 20-21 ശതമാനത്തോളം ദളിത് വിഭാഗങ്ങളുമാണ് യു.പിയിൽ. 19 ശതമാനം മുസ്ലിങ്ങളുണ്ട്. ഈ വോട്ടുബാങ്കുകളെയെല്ലാം ഒപ്പം ഉറപ്പിച്ചുനിർത്താനുള്ള സോഷ്യൽ എൻജിനിയറിങാണ് അഖിലേഷ് പയറ്റുന്നതെന്നാണ് വിലയിരുത്തലുകൾ.

പത്ത് വർഷത്തെ ഭരണവിരുദ്ധവികാരം, പ്രത്യേകിച്ച് ഭരണകക്ഷി എം.എൽ.എമാർക്കെതിരെ, യോഗി സർക്കാരിനെ ബാധിക്കാമെങ്കിലും ബി.ജെ.പിയുടെ സംഘടനാശേഷി താഴെത്തട്ടിൽ സംസ്ഥാനത്ത് ശക്തമാണ്. എം.എൽ.എമാർക്കെതിരായ വിരുദ്ധവികാരം മറികടക്കാൻ പകുതിയിലധികം സിറ്റിങ് എം.എൽ.എമാരെ ഇക്കുറി മാറ്റിനിർത്താൻ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ഭരണവിരുദ്ധവികാരത്തോടൊപ്പം സോഷ്യൽ എൻജിനിയറിങും തുണയ്ക്കുമെന്നാണ് അഖിലേഷിന്റെ കണക്കുകൂട്ടൽ.

Content Highlights: Akhilesh Yadav announced a visit to the Ayodhya Ram Temple., The move is seen as an expansion of the PDA (Backward, Dalit, Muslim) strategy., BJP and Samajwadi Party engaged in a war of words over the visit., The strategy aims to attract upper-caste voters alongside backward classes for the upcoming assembly elections.