ക്യാബിനറ്റ് റാങ്കോടെ തുടരാം; അജിത് ഡോവലിനെ ഒപ്പം നിർത്തി പ്രധാനമന്ത്രി, NSA-യായി പുനഃനിയമനം

അജിത് ഡോവൽ | Photo: PTI
അജിത് ഡോവൽ | Photo: PTI

ന്യൂഡല്‍ഹി: അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും (എൻ.എസ്.എ.) പി.കെ. മിശ്രയെ പ്രിൻസിപ്പൽ സെക്രട്ടറിയായും പുനഃനിയമിച്ച് കേന്ദ്രസർക്കാർ. ജൂൺ പത്ത് മുതലാണ് നിയമനം. പ്രധാനമന്ത്രിയായി മോദി തുടരുന്നതുവരെയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഇരുവരും തല്‍സ്ഥാനത്ത് തുടരുമെന്നാണ് ഉത്തരവ്. ക്യാബിനറ്റ് മന്ത്രിയുടെ റാങ്കോടെയായിരിക്കും ഇരുവരുടേയും നിയമനം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ ഉദ്യോ​ഗസ്ഥരുലുള്ള വിശ്വാസമാണ് വീണ്ടും നിയമനം നൽകുന്നതിലേക്ക് നയിച്ചത് എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്  ചെയ്യുന്നത്. ജൂൺ അഞ്ചിനായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തന്റെ കാലാവധി പൂർത്തിയാക്കിയത്. പദവിയിൽ തുടരാൻ താത്പര്യമില്ലെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നെങ്കിലും നരേന്ദ്രമോദി അദ്ദേഹത്തോട് തുടരാൻ ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

പത്തുവർഷമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ, 1968 ബാച്ച് കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. 20 വർഷമായി ചൈനയുമായുള്ള അതിർത്തി ചർച്ചകൾക്കുള്ള ഇന്ത്യയുടെ പ്രത്യേക പ്രതിനിധികൂടിയാണ്. മോദി ആദ്യം പ്രധാനമന്ത്രിയായി ചുമതലയേറ്റ 2014 മേയ് 30-നാണ് ഡോവലിനെ നിയമിച്ചത്. അതിനുമുമ്പ്‌ ഇന്റലിജൻസ് ബ്യൂറോ മേധാവിയായും അജിത് ഡോവൽ പ്രവർത്തിച്ചിരുന്നു.

രാജ്യത്തെ ഒട്ടേറെ സുപ്രധാന നീക്കങ്ങളിൽ നിർണായക പങ്കുവഹിച്ചയാളാണ് ഡോവൽ. 1988-ലെ ‘ഓപ്പറേഷൻ ബ്ലാക്ക് തണ്ടറി’ന്റെ ഭാഗമായി, പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ഏജന്റായി വേഷമിട്ടാണ് ഡോവൽ രഹസ്യങ്ങൾ ചോർത്തിയത്. ഖലിസ്താൻ ഭീകരരുടെ കൈവശമുണ്ടായിരുന്ന ആയുധശേഖരങ്ങളെക്കുറിച്ചും മറ്റും ലഭിച്ച വിവരങ്ങളാണ് വിഘടനവാദികളുടെ കൈയിൽനിന്ന്‌ സുവർണക്ഷേത്രം മോചിപ്പിക്കാൻ സഹായമായത്. 1999-ലെ കാണ്ഡഹാർ രക്ഷാദൗത്യം, 2016-ൽ പാകിസ്താനുനേർക്ക് നടത്തിയ സർജിക്കൽ സ്ട്രൈക്ക്, 2019-ലെ ബാലാകോട്ട് ആക്രമണം എന്നീ ദൗത്യങ്ങളിലും ഡോവൽ നിർണായക പങ്കുവഹിച്ചു.

Content Highlights: Ajit Doval Reappointed NSA, PK Mishra to Stay Principal Secretary To PM