ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷ സാധ്യത: ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ഇന്ത്യ

പ്രതീകാത്മകചിത്രം | Photo: ANI
പ്രതീകാത്മകചിത്രം | Photo: ANI

ന്യൂഡല്‍ഹി: ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന യു.എസ്. മുന്നറിയിപ്പുകള്‍ക്കിടെ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

ഡല്‍ഹിയില്‍നിന്ന് ടെല്‍ അവീവിലേക്ക് എയര്‍ഇന്ത്യ ആഴ്ചയില്‍ നാലു സര്‍വീസുകളാണ് നടത്തുന്നത്. നേരത്തെ, വ്യാഴാഴ്ച വരെയുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. പശ്ചിമേഷ്യയില്‍ തുടരുന്ന അനിശ്ചിതത്വത്തിനിടെ മറ്റ് വിമാനക്കമ്പനികളും ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഡല്‍റ്റ എയര്‍ലൈന്‍സിന്റെ ന്യൂയോര്‍ക്കിനും ടെല്‍ അവീവിനും ഇടയിലുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

ഹമാസ് രാഷ്ട്രീയകാര്യമേധാവി ഇസ്മയില്‍ ഹനിയെയുടെ കൊലപാതകത്തെത്തുടര്‍ന്നാണ് സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ പുതിയ പ്രസിഡന്റ് മസൂദ് പെസ്ഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയപ്പോഴായിരുന്നു ഹനിയെ വധിക്കപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ഹമാസും ഇറാനും ആരോപിക്കുന്നത്.

Content Highlights: Air India suspends flight operations to and from Israel's Tel Aviv 'till further notice'