എയർഇന്ത്യയുടെ ബോയിങ് വിമാനത്തിലെ ഇന്ധനസ്വിച്ചിന് തകരാറില്ല; തൃപ്തികരമെന്ന് വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: എയർഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ഇന്ധന നിയന്ത്രണസ്വിച്ചുകളുമായി ബന്ധപ്പെട്ട ആശങ്കയിൽ വ്യക്തതവരുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം. കഴിഞ്ഞദിവസം സർവീസ് നിർത്തിവെച്ച വിമാനത്തിലെ രണ്ട് ഇന്ധനസ്വിച്ചുകളുടെയും നില തൃപ്തികരമാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി വ്യോമയാന മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഡിജിസിഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എയർഇന്ത്യ എൻജിനീയറിങ് ടീമാണ് വിമാന നിർമാതാക്കളായ ബോയിങ് നിർദേശിച്ചപ്രകാരമുള്ള പരിശോധനകൾ നടത്തിയതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ധനസ്വിച്ചുകളുടെ ലോക്കിങ് സംവിധാനം കൃത്യമാണെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. അതേസമയം, സ്വിച്ചുകൾ പ്രവർത്തിപ്പിക്കുമ്പോൾ ശരിയായരീതി പിന്തുടർന്നില്ലെങ്കിൽ 'RUN'-ൽനിന്ന് 'CUTOFF'ലേക്ക് മാറാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വിച്ചുകൾ പ്രവർത്തിപ്പിക്കേണ്ട ശരിയായ രീതിയെക്കുറിച്ച് ബോയിങ് നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ എല്ലാ ക്രൂ അംഗങ്ങൾക്കും വിതരണംചെയ്യാനും എയർ ഇന്ത്യയ്ക്ക് നിർദേശം നൽകി. കൂടാതെ, വിമാനത്തിലെ ഇന്ധനസ്വിച്ചുകൾ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില വീഡിയോകളിലെ രീതി തെറ്റാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം ലണ്ടനിലെ ഹിത്രൂ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിലെ ഇന്ധനനിയന്ത്രണ സ്വിച്ചിന് സാങ്കേതികത്തകരാറുണ്ടെന്ന് പൈലറ്റാണ് അറിയിച്ചത്. ഹിത്രൂ വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച രാത്രി 9.19-ന് പുറപ്പെട്ട എ.ഐ. 132 വിമാനം തിങ്കളാഴ്ച രാവിലെ 11.54-നാണ് ബെംഗളൂരുവിൽ ലാൻഡ് ചെയ്തത്. 200-ലേറെ യാത്രക്കാരുണ്ടായിരുന്നു. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ തോന്നിയെന്നാണ് പൈലറ്റ് റിപ്പോർട്ട് ചെയ്തത്. ഇന്ധനനിയന്ത്രണ സ്വിച്ച് 'റൺ' സ്ഥിതിയിലേക്ക് പോകാതെ 'കട്ട് ഓഫ്' ആയിമാറിയെന്നാണ് സൂചന. ഇതുസംബന്ധിച്ച് പ്രാഥമിക വിവരം ലഭിച്ചപ്പോൾത്തന്നെ വിമാനം ഗ്രൗണ്ട് ചെയ്‌തെന്ന് എയർ ഇന്ത്യയും അറിയിച്ചിരുന്നു.
കഴിഞ്ഞ ജൂണിലാണ് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്കോഫിന് പിന്നാലെ സമാനമായ തകരാറിനെത്തുടർന്ന് തകർന്നുവീണത്. 242 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഇതിനുപിന്നാലെ ബോയിങ് 787 വിമാനങ്ങളിൽ പരിശോധന ശക്തമാക്കാൻ ഡി.ജി.സി.എ. നിർദേശിച്ചിരുന്നു. എല്ലാ ബോയിങ് 787 വിമാനങ്ങളിലും പരിശോധന നടത്തിയിരുന്നെങ്കിലും പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നില്ലെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു.
Content Highlights: Aviation Ministry clarifies Air India`s Boeing 787-8 Dreamliner fuel switch concerns. All checks are satisfactory, ensuring flight safety. Learn more.