ഫ്യുവൽസ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റനെന്ന് US മാധ്യമം; കടുത്ത വിമർശനവുമായി AAIB,

തകർന്നുവീണ വിമാനം | Photo: PTI
തകർന്നുവീണ വിമാനം | Photo: PTI

ന്യൂഡല്‍ഹി: 260 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ 171 വിമാനാപകടത്തില്‍ 'പൈലറ്റിന്റെ പങ്ക്' സംബന്ധിച്ച യുഎസ് മാധ്യമം ദി വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് ഇന്ത്യയിലെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി). സ്ഥിരീകരിക്കാത്തതും പ്രത്യേക ഉദ്ദേശംവെച്ചുള്ളതുമായ റിപ്പോര്‍ട്ടിങ്ങാണ് ഇതെന്ന് എഎഐബി വിമര്‍ശിച്ചു. നേരത്തേ നിഗമനങ്ങളില്‍ എത്തിച്ചേരരുതെന്നും അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ കാത്തിരിക്കാനും വളരെ നേരത്തെയാണെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

അപകടത്തെക്കുറിച്ച് എഎഐബി പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത് അപകടത്തെക്കുറിച്ചുള്ള പ്രാഥമിക കണ്ടെത്തലുകളാണെന്നും ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും എഎഐബി പ്രസ്താവനയില്‍ വ്യക്തമാക്കി.

'യാത്രക്കാരുടെ കുടുംബാംഗങ്ങള്‍, വിമാന ജീവനക്കാര്‍, മരിച്ച മറ്റുള്ളവരുടെ ബന്ധുക്കള്‍ എന്നിവര്‍ നേരിടുന്ന നഷ്ടത്തിന്റെ സംവേദനക്ഷമതയെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണ്. അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചില വിഭാഗങ്ങള്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടിങ്ങിലൂടെ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ആവര്‍ത്തിച്ച് ശ്രമിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം നടപടികള്‍ നിരുത്തരവാദപരമാണ്, പ്രത്യേകിച്ച് അന്വേഷണം തുടരുമ്പോള്‍.' - എഎഐബി പറഞ്ഞു.

'അന്വേഷണ പ്രക്രിയയുടെ സമഗ്രതയെ ദുര്‍ബലപ്പെടുത്തുന്ന അപകടകരമാംവിധമുള്ള വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക എന്നതാണ് എഎഐബിയുടെ അന്വേഷണത്തിന്റെയും പ്രാഥമിക റിപ്പോര്‍ട്ടിന്റെയും ലക്ഷ്യം. പ്രാഥമിക റിപ്പോര്‍ട്ടിനെ ഈ വെളിച്ചത്തില്‍ കാണേണ്ടതുണ്ട്. എഎഐബിയുടെ അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. മൂലകാരണങ്ങളും ശുപാര്‍ശകളും ഉള്‍പ്പെടുത്തി അന്തിമ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരും' - എഎഐബി വ്യക്തമാക്കി.

നിയമങ്ങള്‍ക്കും അന്താരാഷ്ട്ര പ്രോട്ടോക്കോളുകള്‍ക്കും അനുസൃതമായി കര്‍ശനവും ഏറ്റവും പ്രൊഫഷണലുമായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും എഎഐബി കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ഫ്യുവല്‍സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും അത് ചെയ്തത് ക്യാപ്റ്റനാണെന്നുമായിരുന്നു യുഎസ് മാധ്യമം 'വാള്‍സ്ട്രീറ്റ് ജേണല്‍' കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട്. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് നല്‍കിയത്.

എയര്‍ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം അഹമ്മദാബാദില്‍ തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് കോക്പിറ്റില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്ബോക്സ് പരിശോധനയിലൂടെ നേരത്തേ ലഭ്യമായിരുന്നു. എന്‍ജിനിലേക്കുള്ള ഇന്ധന സ്വിച്ച് ഓഫായത് സംബന്ധിച്ച് പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ സംഭാഷണമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതും താന്‍ ചെയ്തിട്ടില്ലെന്ന് മറ്റേയാള്‍ മറുപടി നല്‍കുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. 

ഇത് ആര് ആരോട് പറഞ്ഞു എന്നതുസംബന്ധിച്ച് നേരത്തേ പുറത്തുവന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദര്‍ ക്യാപ്റ്റനായ സുമീത് സഭര്‍വാളിനോടാണ് എന്തിനാണ് ഫ്യുവല്‍സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിലുള്ളത്. 

15,638 മണിക്കൂര്‍ വിമാനം പറത്തി പ്രവൃത്തിപരിചയമുള്ള പൈലറ്റായിരുന്നു ക്യാപ്റ്റന്‍ സുമീത് സഭര്‍വാള്‍. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദറിന് 3,403 മണിക്കൂര്‍ വിമാനം പറത്തിയ പരിചയവുമുണ്ട്. വിമാനം റണ്‍വേയില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള വിമാനത്തിലെ ക്യാപ്റ്റനോട് ഫസ്റ്റ് ഓഫീസറാണ് എന്തുകൊണ്ടാണ് താങ്കള്‍ ഫ്യുവല്‍ സ്വിച്ച് കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Content Highlights: India`s AAIB criticizes Wall Street Journal`s report on the Air India crash