ഫ്യുവൽ കൺട്രോൾ സ്വിച്ച് ഓഫായി; ലണ്ടൻ-ബെംഗളൂരു എയർ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി, ആശങ്ക

#ന്യൂസ് ഡെസ്ക്ക്
ഫയൽ ചിത്രം
ഫയൽ ചിത്രം

ബെംഗളൂരു: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ AI 132 ബോയിങ് ഡ്രീംലൈനർ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് നിലത്തിറക്കി. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ (ഫ്യുവൽ കൺട്രോൾ സ്വിച്ച്) തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.

വിമാന എഞ്ചിൻ സ്റ്റാർട്ട് ചെയ്തതിന് പിന്നാലെ പൈലറ്റാണ് ഇന്ധന സ്വിച്ചിലെ തകരാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ തന്നെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സർവീസ് റദ്ദാക്കാൻ എയർ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ച് ‘റൺ’എന്ന നിലയിൽ നിന്ന് ‘ കട്ട് ഓഫ്’ എന്ന നിലയിലേക്ക് സ്വയം മാറുകയായിരുന്നു. 

'ബോയിങ് 787-8 വിമാനത്തിന്റെ ഫ്യുവൽ കൺട്രോൾ സ്വിച്ചിൽ തകരാറുള്ളതായി പൈലറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനം നിലത്തിറക്കി പരിശോധനകൾ ആരംഭിച്ചു. നിർമാതാക്കളായ ബോയിങ്ങുമായി ചേർന്ന് മുൻഗണനാടിസ്ഥാനത്തിൽ ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്' – എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.

അഹമ്മദാബാദിൽ 271 പേർക്ക് ജീവൻ നഷ്ടമായ ജൂൺ 12-ലെ ബോയിങ് ഡ്രീംലൈനർ 787 വിമാനാപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ വിമാനത്തിന്റെ ഇന്ധന സ്വിച്ചുകൾ (ഫ്യുവൽ കൺട്രോൾ സ്വിച്ച്) കട്ട് ഓഫ് സ്ഥാനത്ത് കണ്ടെത്തിയിരുന്നു. ഇതാകാം അപകടത്തിന് കാരണമെന്നായിരുന്നു ഒരു നിഗമനം. ഇതേത്തുടർന്ന് ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന്‍റെ പരിശോധന പൂർത്തിയാക്കിയതായും ഒരു പ്രശ്‌നവും കണ്ടെത്തിയില്ലെന്നും എയർ ഇന്ത്യ അന്ന് അറിയിച്ചിരുന്നു. 

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അപകടത്തിന് കാരണമായതെന്നും ഇതിന് ഇടയാക്കിയത് എൻജിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ആയിരുന്നതിനാലാണെന്നും കണ്ടെത്തിയിരുന്നു. ആരാണ് ഈ സ്വിച്ചുകൾ ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നൽകന്നതിന്റെയും ശബ്ദരേഖയും പുറത്തുവന്നിരുന്നു. സ്വിച്ചുകൾ ഓഫായിരുന്നത് മനസ്സിലാക്കി പെട്ടെന്ന് ഓൺ ചെയ്‌തെങ്കിലും എൻജിനുകൾ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവർത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകർന്നുവീഴുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Content Highlights: Air India Boeing 787 Grounded After Fuel System Anomaly Reported