പ്രിയതമന്റെ ജീവനായി വാങ്ങിയ 8 ലക്ഷം കടം മാത്രം ബാക്കി; മരണത്തിലും സഞ്ജയിയെ തനിച്ചാക്കാതെ അർച്ചന ദേവി

#ന്യൂസ് ഡെസ്ക്
റെഡ്‌ബേർഡ് എയർവേയ്‌സിന്റെ വിമാനം തകർന്നു വീണ നിലയിൽ | Photo: PTI
റെഡ്‌ബേർഡ് എയർവേയ്‌സിന്റെ വിമാനം തകർന്നു വീണ നിലയിൽ | Photo: PTI

റാഞ്ചി: ഝാർഖണ്ഡിലെ ചത്ര ജില്ലയിൽ നടന്ന ദാരുണമായ എയർ ആംബുലൻസ് അപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടപ്പോൾ, ഒരു കുടുംബത്തിന്റെ അവസാന പ്രതീക്ഷകളും കടക്കെണിയിലായി. പൊള്ളലേറ്റതിനെ തുടർന്ന് 41കാരനായ സഞ്ജയ് കുമാർ എന്ന രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം നടന്നത്. ചാർട്ടർ വിമാനം വാടകയ്‌ക്കെടുക്കാൻ മാത്രം സഞ്ജയിയുടെ കുടുംബം എട്ട് ലക്ഷം രൂപയാണ് കടമെടുത്തത്.

സഞ്ജയിയുടെ ജീവൻ നിലനിർത്താൻ ഏതറ്റം വരെ പോകാനും ആ കുടുംബം തയ്യാറായിരുന്നു. ചന്ദ്‌വയിലെ സഞ്ജയിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്നാണ് അദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേറ്റത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സഞ്ജയ്. നാട്ടിലെ ചികിത്സാ സൗകര്യങ്ങൾ അപര്യാപ്തമായതോടെയാണ് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലേക്ക് സഞ്ജയിയെ മാറ്റാൻ കുടുംബം തീരുമാനിച്ചത്. സഞ്ജയിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സ്വന്തം പുരയിടവും സ്ഥലവും വിൽക്കുന്നതിനെക്കുറിച്ച് പോലും തങ്ങൾ ആലോചിച്ചിരുന്നതായി അദ്ദേഹത്തിന്റെ സഹോദരൻ അജയ് വെളിപ്പെടുത്തി.

എയർ ആംബുലൻസ് വാടകയ്ക്കും ഡൽഹിയിലെ ചികിത്സാ ചെലവുകൾക്കുമായി സുഹൃത്തുക്കളിൽ നിന്നും മറ്റ് അഭ്യുദയകാംക്ഷികളിൽ നിന്നുമാണ് ഇവർ പണം കടം വാങ്ങിയത്. സഞ്ജയിയുടെ ഭാര്യ അർച്ചന ദേവിയും ബന്ധുവായ ധ്രുവ് കുമാറും അദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്നു. എന്നാൽ വിധി അവർക്കായി കരുതിവെച്ചത് മറ്റൊരു ദുരന്തമായിരുന്നു. ബീച്ച്ക്രാഫ്റ്റ് സി90 വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും ഒപ്പം രണ്ട് പൈലറ്റുമാരും ഒരു ഡോക്ടറും പാരാമെഡിക്കൽ ജീവനക്കാരനും മരിച്ചു.

Content Highlights: Tragic air ambulance crash in Jharkhand kills 7, including burn victim, wife, and relative. Family had taken an Rs 8 lakh loan for charter plane treatment.