കോൺഗ്രസ് സെക്രട്ടറിയാകണോ, അഭിമുഖം പാസാകണം; ചോദ്യങ്ങളുമായി രാഹുലും പ്രിയങ്കയും, കുറിച്ചെടുത്ത് കെ.സി.

#പ്രകാശന്‍ പുതിയേട്ടി
പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും | ഫോട്ടോ - എ.എൻ.ഐ.
പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും | ഫോട്ടോ - എ.എൻ.ഐ.

ന്യൂഡൽഹി: ദേശീയതലത്തിൽ കാൺഗ്രസിന്റെ പുതിയ ചുമതല ഏറ്റെടുക്കാൻ തയ്യാറാണോ? ഒരു സംസ്ഥാനത്തിന്റെ ചുമതല ലഭിച്ചാൽ അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയുമോ? സംഘടനാ പ്രവർത്തനത്തിനിടയിലെ സമ്മർദങ്ങളും ശുപാർശകളും നേരിടാൻ കഴിയുമെന്നുറപ്പുണ്ടോ...?- എ.ഐ.സി.സി. സെക്രട്ടറിമാരെ തിരഞ്ഞെടുക്കുന്നതിനായി ന്യൂഡൽഹിയിലെ 10 ജൻപഥിൽ നടന്ന അഭിമുഖത്തിൽ നേതാക്കൾ നേരിട്ട ചോദ്യങ്ങളാണിത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരാണ് അഭിമുഖം നടത്തിയത്.

അഞ്ച് സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ച് നേതാക്കളെ വീതമാണ് ക്ഷണിച്ചത്. ഒരു സംഘത്തിന് ഏകദേശം അരമണിക്കൂർ. ആദ്യം രാഹുൽഗാന്ധിയുടെ ചോദ്യങ്ങൾ. തുടർന്ന് പ്രിയങ്ക ഗാന്ധി. നേതാക്കളുടെ മറുപടികൾക്കിടെ വേണുഗോപാൽ പേപ്പറിൽ കുറിപ്പെടുത്തു. 'ആദ്യം നിങ്ങളെക്കുറിച്ച് പറയൂ' എന്ന ലളിതമായ ചോദ്യത്തോടെയായിരുന്നു പലപ്പോഴും തുടക്കം.

പാർട്ടിയിൽ ഇതുവരെ എന്തൊക്കെ പ്രവർത്തനങ്ങൾ നടത്തി? ഏതു ചുമതലകൾ വഹിച്ചു? തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ? എന്നിങ്ങനെ ആദ്യം.

അടുത്തഘട്ടത്തിൽ സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. സംഘടന കെട്ടിപ്പടുക്കുന്നതിൽ നിങ്ങളുടെ അനുഭവം എന്താണെന്നായിരുന്നു ആദ്യം. സംഘടനയിൽ വഹിച്ച പദവികളുടെ പട്ടിക പറയുന്നതിലുപരി, പ്രവർത്തകരെ എങ്ങനെ ഏകോപിപ്പിച്ചു, താഴെത്തട്ടിൽ സംഘടനയെ എങ്ങനെ ശക്തിപ്പെടുത്തി തുടങ്ങിയ കാര്യങ്ങളിലേക്കാണ് ചോദ്യങ്ങൾ നീണ്ടത്.

പിന്നീട് രാഷ്ട്രീയ സമ്മർദങ്ങളെക്കുറിച്ചുള്ള ചോദ്യം. സംഘടനാ പ്രവർത്തനത്തിനിടെ രാഷ്ട്രീയ സമ്മർദങ്ങളും ശുപാർശകളും ഉണ്ടായിട്ടുണ്ടാകും. അവയെ എങ്ങനെയാണ് കൈകാര്യം ചെയ്തത്..? നേതൃത്വത്തിന് മുന്നിലുള്ള പരീക്ഷണം വ്യക്തമാക്കുന്ന ചോദ്യം. തീരുമാനമെടുക്കാനുള്ള കഴിവ്, സമ്മർദങ്ങളെ അതിജീവിക്കാനുള്ള ശേഷി, സംഘടനാ താത്പര്യം മുൻനിർത്തിയുള്ള നിലപാട്- ഇവയെല്ലാം മറുപടികളിലൂടെ വിലയിരുത്തി.

മറ്റൊരു സംസ്ഥാനത്തേക്ക് അയച്ചാൽ എന്നതായിരുന്നു അഭിമുഖത്തിലെ ശ്രദ്ധേയമായ മറ്റൊരു ചോദ്യം. എ.ഐ.സി.സി. സെക്രട്ടറി എന്ന നിലയിൽ ഒരു സംസ്ഥാനത്തിന്റെ ചുമതല ലഭിച്ചാൽ അവിടത്തെ രാഷ്ട്രീയവും സംഘടനാ ഘടനയും മനസ്സിലാക്കി പ്രവർത്തിക്കേണ്ടിവരും. ഭാഷയും രാഷ്ട്രീയ സാഹചര്യവും സംഘടനാ സംസ്‌കാരവും വ്യത്യസ്തമായിരിക്കാം.

അതുകൊണ്ടുതന്നെ സ്വന്തം സംസ്ഥാനത്ത് മാത്രം പരിചയമുള്ള നേതാവാണോ, അതോ വ്യത്യസ്ത രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് മാറി പ്രവർത്തിക്കാൻ കഴിയുന്നയാളാണോ എന്നതും അഭിമുഖത്തിലൂടെ പരിശോധിച്ചു.

അഞ്ചുപേർ, അരമണിക്കൂർ

ഒരാൾക്ക് മാത്രമായി ദീർഘമായ അഭിമുഖമല്ല. അഞ്ച് സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ച് നേതാക്കളടങ്ങുന്ന സംഘത്തോടാണ് ചോദ്യോത്തരങ്ങൾ. രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉന്നയിക്കുന്നു. ഓരോ നേതാവും മറുപടി നൽകുന്നു. തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ ചോദ്യങ്ങൾ. ഇതിനിടയിൽ മുന്നിലിരുന്ന് വേണുഗോപാൽ കുറിപ്പെടുക്കുന്നു. സമയം പരിമിതം. സംഘടനാ പ്രവർത്തനത്തിന്റെ വർഷങ്ങൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ വിശദീകരിക്കേണ്ട സാഹചര്യം.

'എന്താണ് ചെയ്തത്?' എന്ന ചോദ്യത്തിന് കണക്കുകൾ പറയുന്നത് മാത്രം മതിയാകില്ല. ഒരു സംഘടനാ പ്രതിസന്ധി എങ്ങനെ പരിഹരിച്ചു? പ്രവർത്തകരെ എങ്ങനെ ഒപ്പംനിർത്തി?

ശുപാർശകളും സമ്മർദങ്ങളും വന്നപ്പോൾ എങ്ങനെ തീരുമാനമെടുത്തു? അപരിചിതമായ ഒരു സംസ്ഥാനത്തിന്റെ ചുമതല ലഭിച്ചാൽ എങ്ങനെ പ്രവർത്തിക്കും? അഭിമുഖത്തിലെ ചോദ്യങ്ങൾ നൽകുന്ന സൂചന ഇതാണ്-പദവി വഹിച്ചിട്ടുണ്ടോ എന്നതിനേക്കാൾ, സംഘടനയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോ എന്നതാണ് പ്രധാന പരീക്ഷണം.

സെക്രട്ടറിയാകാനുള്ള യോഗ്യത എന്ത്?

എഐസിസി സെക്രട്ടറിയാകാൻ പരിഗണിക്കുന്ന നേതാക്കളിൽ പാർട്ടി തേടുന്നത് സംഘടനാ പരിചയം മാത്രമല്ല. പ്രവർത്തകരുമായി ബന്ധം പുലർത്താനും സമ്മർദങ്ങൾക്കിടയിലും തീരുമാനമെടുക്കാനും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളോട് ഇണങ്ങാനും കഴിയുന്ന നേതാക്കളെയാണ്.

ഒരു സംസ്ഥാനത്തെ സംഘടനാ പ്രവർത്തനത്തിൽ പരിചയമുള്ള ഒരാളെ ദേശീയ ചുമതലയിലേക്ക് കൊണ്ടുവരുമ്പോൾ, മറ്റൊരു സംസ്ഥാനത്തും അതേ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ കഴിയുമോ എന്നതും പ്രധാനമാണ്. അതെല്ലാം അരമണിക്കൂറിനുള്ളിൽ ബോധ്യപ്പെടുത്തണമെന്ന് മാത്രം.