അഹമ്മദാബാദ് ദുരന്തം; വിമാനം തകർന്നത് എങ്ങനെ? ഒരുവർഷമായിട്ടും ഉത്തരമില്ല

#ഇ.ജി. രതീഷ്‌
അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനം | Photo: ANI
അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനം | Photo: ANI

അഹമ്മദാബാദ്: പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കുള്ളിൽ കെട്ടിടത്തിന് മുകളിലേക്കു വീണ് കത്തിയമർന്നത് 260 മനുഷ്യജീവനുകൾ. അവരിൽ ഒരു മുൻ മുഖ്യമന്ത്രിപോലുമുണ്ട്. ഒരുവർഷമായിട്ടും ഇവരുടെ ബന്ധുക്കൾ ഒരുത്തരം തേടുകയാണ്, എങ്ങനെയാണ് അപകടമുണ്ടായത്? ആരാണ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിന് ഉത്തരവാദി?

കഴിഞ്ഞവർഷം ജൂൺ 12-ന് ഉച്ചയ്ക്കാണ് എയർ ഇന്ത്യയുടെ ലണ്ടനിലേക്കുള്ള എ.ഐ.171 ബോയിങ് 787 ഡ്രീം ലൈനർ അഹമ്മദാബാദിൽ തകർന്നത്. ജീവനക്കാരുൾപ്പെടെ വിമാനത്തിലെ 242 പേരിൽ ഒരാൾമാത്രമാണ് രക്ഷപ്പെട്ടത്. ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിലും പരിസരത്തുമുണ്ടായിരുന്ന 19 പേരും മരിച്ചു. ഒരുവർഷമായിട്ടും എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി.)യുടെ അന്തിമ റിപ്പോർട്ട് വന്നിട്ടില്ല. അന്താരാഷ്ട്ര ഏവിയേഷൻ പ്രോട്ടക്കോൾപ്രകാരം ഒരുവർഷത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് പുറത്തുവിടണം. അന്വേഷണം അവസാനഘട്ടത്തിലാണെന്ന് കഴിഞ്ഞ മാസം അഹമ്മദാബാദിലെത്തിയ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചിരുന്നു. എന്നാൽ, ഒരു ഇടക്കാല റിപ്പോർട്ട് പുറത്തുവിടാനിടയുണ്ടെന്നു മാത്രമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

അപകടമുണ്ടായി ഒരുമാസംകഴിഞ്ഞ് ജൂലായ്‌ 12-ന് പ്രാഥമിക റിപ്പോർട്ട് എ.എ.ഐ.ബി. പ്രസിദ്ധീകരിച്ചിരുന്നു. പറന്നുയർന്ന വിമാനത്തിന്റെ രണ്ട് ഇന്ധന സ്വിച്ചുകളും ‘റൺ’ എന്നതിൽനിന്ന്‌ ‘കട്ട് ഓഫ്’ എന്നതിലേക്ക് മാറിയതായി റിപ്പോർട്ട് പറയുന്നു. കോക്പിറ്റ് വോയ്‌സ് റെക്കോഡറിലെ സംഭാഷണത്തിന്റെ ഒരുഭാഗവും റിപ്പോർട്ടിലുണ്ടായിരുന്നു. എന്തിനാണ് സ്വിച്ച് ഓഫാക്കിയതെന്ന് ഒരു പൈലറ്റ് ചോദിക്കുന്നതും താനൊന്നും ചെയ്തിട്ടില്ലെന്ന് മറുപടി നൽകുന്നതുമായിരുന്നു ഈ സംഭാഷണം. പൈലറ്റുമാരെ സംശയനിഴലിൽ നിർത്തിയ റിപ്പോർട്ടിനെതിരേ വലിയ വിമർശനം അവരുടെ സംഘടനകളിൽനിന്നുണ്ടായി.

ബോയിങ്ങിന്റെ രൂപകല്പനയും നിർമാണവും അമേരിക്കയിലായതിനാൽ യു.എസ്. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണത്തിൽ പങ്കാളികളാണ്. ബോയിങ്ങിന്റെ ഈ വിഭാഗത്തിൽപ്പെട്ട വിമാനങ്ങളുടെ യന്ത്രത്തകരാറോ ഇലക്‌ട്രിക്കൽ പ്രശ്നങ്ങളോ കാരണമാകാമെന്ന വിദഗ്ധവിശകലനങ്ങളും ഉണ്ടായി. മരിച്ചവരുടെ ബന്ധുക്കൾക്കായി യു.എസിലും യു.കെ.യിലും കേസുകൾ നടത്തുന്ന വിദേശ അഭിഭാഷകരും ഈ നിഗമനമാണ് നടത്തുന്നത്. ഇതിനിടെ 2026 ഫെബ്രുവരിയിൽ ലണ്ടനിൽനിന്ന്‌ ബെംഗളൂരുവിലേക്കുള്ള ബോയിങ് വിമാനത്തിൽ സമാന തകരാർ കണ്ടെത്തുകയുംചെയ്തു. ഉയരുംമുൻപ്‌ ഇന്ധന സ്വിച്ചുകൾ തകരാറിലാവുകയായിരുന്നു.

വിമാനങ്ങളിലെ സുരക്ഷാതകരാർ; നടപടിയിൽ റിപ്പോർട്ട് നൽകണം

വിമാനങ്ങളുടെ പരിശോധനകളിൽ കണ്ടെത്തിയ സുരക്ഷാതകരാറുകൾ പരിഹരിച്ചോയെന്ന് റിപ്പോർട്ട് നൽകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.). 15-നുമുൻപ് റിപ്പോർട്ട് നൽകണമെന്നാണ് വിമാനക്കമ്പനികളോട് ഡി.ജി.സി.എ. ആവശ്യപ്പെട്ടത്. സുരക്ഷാസംവിധാനങ്ങൾ പാലിച്ചില്ലെങ്കിൽ പിഴചുമത്തും.

Content Highlights: Investigation into the June 12, 2025, Air India AI-171 crash is still pending after one year., Preliminary reports suggest fuel switch issues, sparking debates between pilot error and mechanical failure., International investigators (NTSB) are involved due to Boeing's US manufacturing origins., A similar mechanical failure was reported in a London-Bengaluru flight in February 2026., DGCA has mandated airlines to submit safety audit reports regarding recurring technical defects.