വിമാനത്തിന്റെ സഹ പൈലറ്റായി ബി.ജെ.പി എം.പി, യാത്രികനായി കേന്ദ്രമന്ത്രി

ശിവരാജ് സിങ് ചൗഹാൻ എക്സിൽ പങ്കുവെച്ച ചിത്രം | Photo: 'X' @ChouhanShivraj
ശിവരാജ് സിങ് ചൗഹാൻ എക്സിൽ പങ്കുവെച്ച ചിത്രം | Photo: 'X' @ChouhanShivraj

ന്യൂഡൽഹി: പട്നയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്രയിലെ മറക്കാനാവാത്ത അനുഭവവും സന്തോഷവും പങ്കുവെച്ച് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ. യാത്ര ചെയ്ത വിമാനത്തിലെ സഹ പൈലറ്റാണ് മന്ത്രിയുടെ സന്തോഷത്തിന്റെ കാരണം. ഒരു സാധാരണ വിമാന യാത്രയെ അവിസ്മരണീയമായ ഒന്നാക്കി മാറ്റിയെന്ന കേന്ദ്രമന്ത്രിയുടെ പ്രശംസയും ആദരവും ഏറ്റുവാങ്ങിയ ആ സഹ പൈലറ്റ് ബി.ജെ.പി എം.പി രാജീവ് പ്രതാപ് റൂഡി ആയിരുന്നു.

"രാജീവ് ജി, ഇന്ന് നിങ്ങൾ ഞങ്ങളുടെ ഹൃദയം കീഴടക്കി... പട്‌നയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇന്നത്തെ വിമാനയാത്ര എനിക്ക് അവിസ്മരണീയമായിരുന്നു, കാരണം ഈ വിമാനത്തിൻ്റെ സഹ-ക്യാപ്റ്റൻ എൻ്റെ പ്രിയ സുഹൃത്തും മുതിർന്ന രാഷ്ട്രീയക്കാരനും ഛപ്ര എംപിയുമായ ശ്രീ രാജീവ് പ്രതാപ് റൂഡി ജി ആയിരുന്നു," ചൗഹാൻ എക്‌സിൽ കുറിച്ചു.

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും, റൂഡിയെ പ്രശംസിച്ചുകൊണ്ട് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പിന്റെ ചിത്രവും ചൗഹാൻ പങ്കുവെച്ചു. യാത്ര സംബന്ധിച്ച വിവരങ്ങൾ ലളിതമായി അവതരിപ്പിക്കാനുള്ള റൂഡിയുടെ കഴിവിനെയും മന്ത്രി പ്രശംസിച്ചു. റൂഡി തന്റെ സവിശേഷമായ ശൈലിയിൽ എങ്ങനെയാണ് യാത്ര വിവരിച്ചതെന്നും ചൗഹാൻ പങ്കുവെച്ചു.

"ഇന്ന് പട്‌നയ്ക്ക് ചുറ്റും മേഘങ്ങൾ നിറഞ്ഞിരിക്കുന്നു, ഇന്നലെ മുതൽ തുടർച്ചയായി മഴ പെയ്യുന്നുണ്ട്. ഈ മേഘങ്ങൾക്കും നേരിയ മഴയ്ക്കും ഇടയിലൂടെ നമ്മൾ ഡൽഹിയിലേക്കുള്ള യാത്ര ആരംഭിക്കുകയാണ്. യാത്രാമധ്യേ നമ്മൾ വാരണാസിക്ക് മുകളിലൂടെ കടന്നുപോകും. തുടർന്ന്, പ്രയാഗ്‌രാജ് ഇടതുവശത്തും ലഖ്‌നൗ വലതുവശത്തും കാണാനാകും. ഗംഗ, യമുന നദികളുടെ കാഴ്ചകൾ കണ്ടുകൊണ്ട് നമ്മൾ ഡൽഹിയിലേക്കുള്ള യാത്ര പൂർത്തിയാക്കും. ലാൻഡിങ് സമയത്ത് മേഘങ്ങൾ ഇല്ലെങ്കിൽ, നോയിഡയിലെ ഉയർന്ന കെട്ടിടങ്ങളിലെ വെളിച്ചവും നമുക്ക് കാണാൻ സാധിക്കും."

യാത്രയുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ വിശദാംശങ്ങളും പങ്കുവെക്കുന്ന റൂഡിയുടെ ശൈലി സവിശേഷമായിരുന്നുവെന്നും ചൗഹാൻ പറഞ്ഞു. തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും തങ്ങളുടെ കഴിവുകൾക്ക് സമയം കണ്ടെത്തുന്ന റൂഡിയെപ്പോലുള്ള ആളുകൾ വിരളമാണെന്നും മന്ത്രി എക്സിൽ കുറിച്ചു.

Content Highlights: Union Agriculture Minister Shivraj Singh Chouhan had an "unforgettable" flight from Patna to Delhi, co-piloted by BJP MP Rajiv Pratap Rudy. Chouhan praised Rudy`s unique storytelling and grounded approach.