‘പാതാളത്തിലേക്കുള്ള വഴി’; ആഗ്രയിൽ റോഡ് ഇടിഞ്ഞുണ്ടായ ഗർത്തത്തിലിറങ്ങി നേതാവിന്റെ പ്രതിഷേധം

ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ റോഡ് ഇടിഞ്ഞുതാണ് വൻ ഗർത്തം രൂപപ്പെട്ടു. റോഡ് തകരുന്ന സമയത്ത് വാഹനങ്ങൾ ഒന്നും കടന്നുപോകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ സമാജ്‌വാദി പാർട്ടി നേതാവ് നിതിൻ കോഹ്‌ലി ഗർത്തത്തിലിറങ്ങി പ്രതിഷേധിച്ചു.
ആഗ്രയിലെ കമല നഗറിലാണ് റോഡ് പെട്ടെന്ന് ഇടിഞ്ഞുതാഴ്ന്നത്. ഗർത്തത്തിലേക്ക് ഏണി ഉപയോഗിച്ച് ഇറങ്ങിനിന്ന് നിതിൻ കോഹ്‌ലി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. മഴക്കാലത്ത് ആവർത്തിച്ചുണ്ടാകുന്ന റോഡ് തകർച്ചകൾ പരിഹരിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് കോഹ്‌ലി ആരോപിച്ചു.
ഈ വലിയ ഗർത്തത്തെ 'പാതാളത്തിലേക്കുള്ള വഴി' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, താജ്‌നഗരിയായ ആഗ്ര ഇപ്പോൾ 'കുഴികളുടെ നഗരമായി' മാറിയിരിക്കുകയാണെന്ന് പരിഹസിച്ചു. വികസന പ്രവർത്തനങ്ങളിലെ അഴിമതിയാണ് ഇത്തരം തകർച്ചകൾക്ക് കാരണമെന്നും മഴക്കാലത്ത് റോഡുകൾ താഴുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം വിമർശിച്ചു.
Content Highlights: Samajwadi Party leader Nitin Kohli protests inside a massive road collapse in Agra.