നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ആഗ റൂഹുള്ള എംപി സ്ഥാനം രാജിവെച്ചു, പുതിയ പാർട്ടി വരും

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിലെ അഭിപ്രായ ഭിന്നതകൾ പൊട്ടിത്തെറിയിലേക്ക്. ശ്രീനഗർ എംപി ആഗ സയീദ് റൂഹുള്ള മെഹ്ദി പാർട്ടി വിട്ടു. പാർലമെന്റ് അംഗത്വം രാജിവെക്കുകയും ചെയ്തു. ബുദ്ഗാമിൽനടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആഗ റൂഹുള്ള പ്രഖ്യാപനം നടത്തിയത്.
കൊല്ലപ്പെട്ട തന്റെ പിതാവ് ആഗ സയ്യിദ് മെഹ്ദിയുടെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ബുദ്ഗാമിൽ റൂഹുള്ള റാലി സംഘടിപ്പിച്ചത്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് പാർട്ടി നേതൃത്വം പിന്മാറിയെന്ന് ആരോപിച്ചാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
80 മിനിറ്റ് നീണ്ട പ്രസംഗത്തിനിടയിൽ ജമ്മു കശ്മീരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സൂചന നൽകി. നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെയും മുഖ്യമന്ത്രി ഉമർ അബ്ദുള്ളയ്ക്കുമെതിരെ ആഗ റൂഹുള്ള ആഞ്ഞടിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനുള്ള പോരാട്ടത്തിൽ നിന്ന് ഫാറൂഖ് അബ്ദുള്ളയും മകനും പിന്മാറിയെന്ന് അദ്ദേഹം ആരോപിച്ചു.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക, തടവുകാരെ മോചിപ്പിക്കുക, സൗജന്യ വൈദ്യുതി നൽകുക തുടങ്ങിയ 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. 'തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ വാഗ്ദാനങ്ങളെല്ലാം വെറും നുണകളായിരുന്നു. ഈ നുണകളുടെ ഭാഗമായി ഇനി തുടരാൻ എനിക്ക് കഴിയില്ല' ആഗ റൂഹുള്ള പറഞ്ഞു.
ചിലർ താൻ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ജമ്മു കശ്മീരിലെ ജനങ്ങളുടെ അന്തസ്സും ആത്മാഭിമാനവും തിരികെ ലഭിക്കുന്നതിനുള്ള ഒരു പ്രസ്ഥാനം ആരംഭിക്കുന്നതിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരിൽ വലിയ ജനപിന്തുണയുള്ള ഷിയാ വിഭാഗത്തിൽനിന്നുള്ള നേതാവ് കൂടിയാണ് ആഗ റൂഹുള്ള. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസിന്റെ താരപ്രചാരകനായിരുന്നു റൂഹുള്ള. കാശ്മീർ, ജമ്മു മേഖലകളിലെല്ലാം പാർട്ടി നേതാക്കൾക്കുവേണ്ടി പ്രചാരണം നടത്താൻ പാർട്ടി നേതൃത്വം അദ്ദേഹത്തെ വ്യാപകമായി ഉപയോഗിച്ചിരുന്നു.
നാഷണൽ കോൺഫറൻസ് അധികാരത്തിൽ വന്നതുമുതൽ, ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നത് പാർട്ടിയുടെ പ്രധാന അജണ്ടയായി തുടരണമെന്ന് റുഹുള്ള ആവശ്യപ്പെടുന്നുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി പിന്തുടരുന്നതിന് പകരം, ബി.ജെ.പിയുടെയും അജണ്ടയായ സംസ്ഥാന പദവി തിരിച്ചുപിടിക്കുന്നതിൽ ഒമർ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഒമർ സർക്കാരിനെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി റൂഹുള്ളയെ പാർട്ടി തഴയുകയും പാർട്ടി യോഗങ്ങളിലേക്ക് ക്ഷണിക്കാതിരിക്കുകയും ചെയ്തിരുന്നു. ബദ്ഗാം നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് അദ്ദേഹത്തിന്റെ അസാന്നിധ്യം നാഷണൽ കോൺഫറൻസിന് സീറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു.
റൂഹുള്ള പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിൽ അദ്ദേഹത്തിനൊപ്പം ഇനി ആരെല്ലാം ചേരുമെന്നതാണ് നാഷണൽ കോൺഫറൻസിനെ അലട്ടുന്നത്. സമീപകാല മന്ത്രിസഭാ പുനഃസംഘടനയെച്ചൊല്ലി പാർട്ടിയിലെ 20-ഓളം എംഎൽഎമാർ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു.
Content Highlights: Srinagar MP Aga Ruhullah Mehdi resigned from the National Conference and his parliamentary seat., Resignation prompted by leadership backing down on key promises like the restoration of Article 370., Ruhullah criticized party president Farooq Abdullah and Chief Minister Omar Abdullah., Indicated plans to start a new movement for the dignity and self-respect of Jammu and Kashmir people., Comes amidst growing dissent within the ruling JKNC party following recent developments.