അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്കോ? മറുപടിയുമായി ഭഗവന്ത് സിങ് മന്‍

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നും എ.എ.പി. നാഷണല്‍ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളും | Photo: ANI
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നും എ.എ.പി. നാഷണല്‍ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളും | Photo: ANI

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ആം ആദ്മി പാര്‍ട്ടിക്ക് നേരിട്ടത്. ഡല്‍ഹിയില്‍ അധികാരം നഷ്ടപ്പെട്ടതോടെ എ.എ.പി. ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ തന്റെ പ്രവര്‍ത്തനം പഞ്ചാബിലേക്ക് മാറ്റുമെന്നും പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്നുമാണ് പ്രധാന പ്രചാരണം. എന്നാല്‍, ഈ അഭ്യൂഹങ്ങളെ ചിരിച്ച് തള്ളുകയാണ് പഞ്ചാബ് മുഖ്യമന്ത്രിയായ ഭഗവന്ത് സിങ് മന്‍.

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുതിര്‍ന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചാബ് എം.എല്‍.എമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ അഭ്യൂഹം തള്ളിക്കളഞ്ഞത്. പഞ്ചാബില്‍ ഭഗവന്ത് സിങ് മന്നിന് പകരം മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍ എന്ന് ബി.ജെ.പി. എം.എല്‍.എയായ മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് ആരോപിച്ചത്.

എന്നാല്‍, അവര്‍ക്ക് എന്തുവേണമെങ്കിലും പറയാമല്ലോയെന്നായിരുന്നു ഭഗവന്ത് സിങ് മന്നിന്റെ പ്രതികരണം. സ്ത്രീകള്‍ക്ക് എല്ലാ മാസവും 1000 രൂപ വീതം നല്‍കുമെന്ന പ്രഖ്യാപനം പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഇതിനൊപ്പം കോണ്‍ഗ്രസ് നേതാവ് പര്‍താപ് സിങ് ബജ്‌വയുടെ ആരോപണത്തിനും മന്‍ മറുപടി നല്‍കി. പഞ്ചാബിലെ 20 എ.എ.പി. എം.എല്‍.എമാര്‍ എന്നെ ബന്ധപ്പെടാറുണ്ടെന്നാണ് ബജ്‌വ പറഞ്ഞത്. എന്നാല്‍, മൂന്നാം തവണയും ഡല്‍ഹിയിലെ എം.എല്‍.എമാരുടെ എണ്ണം അദ്ദേഹം ഒന്ന് എടുക്കണമെന്നായിരുന്നു മന്നിന്റെ പരിഹാസം.

ഭഗവന്ത് സിങ് മന്‍ ആം ആദ്മി പാര്‍ട്ടി വിടാനൊരുങ്ങുകയാണെന്ന ബജ്‌വയുടെ ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. ഞങ്ങളുടെ ചോരയും വിയര്‍പ്പും നല്‍കി കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് എ.എ.പി. രാഷ്ട്രീയം മാറുന്നത് അവരുടെ സംസ്‌കാരമാണ്. എ.എ.പിയുടെ തോല്‍വി ഒരു കോണ്‍ഗ്രസ് നേതാവ് ചെണ്ടകൊട്ടിയാണ് ആഘോഷിച്ചത്. കോണ്‍ഗ്രസ് സംപൂജ്യരായത് ആഘോഷിക്കുകയാണോയെന്നാണ് ആളുകള്‍ അദ്ദേഹത്തോട് ചോദിച്ചതെന്നും ഭഗവന്ത് സിങ് മന്‍ പറഞ്ഞു.

യോഗത്തിന്റെ വിശദാംശങ്ങളും പഞ്ചാബ് മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് തന്നെയായിരുന്നു ചര്‍ച്ചയായത്. ഡല്‍ഹിയില്‍ എ.എ.പി. പ്രവര്‍ത്തകര്‍ നടത്തിയ മികച്ച പ്രവര്‍ത്തനത്തെ അരവിന്ദ് കെജ്‌രിവാള്‍ അഭിനന്ദിച്ചു. ജയപരാജയങ്ങള്‍ രാഷ്ട്രീയത്തില്‍ പതിവാണ്. ജനവിധിയെ നമ്മള്‍ മാനിക്കുന്നു. ഇനി പഞ്ചാബിനെ ഒരു മാതൃക സംസ്ഥാനമാക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ യോഗത്തില്‍ പറഞ്ഞതെന്നും ഭഗവന്ത് സിങ് മന്‍ അറിയിച്ചു.

മന്നിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കമാണ് കെജ്‌രിവാള്‍ നടത്തുന്നത്. സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കും, മയക്കുമരുന്നിന്റെ ഉപയോഗം തടയും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പാലിക്കാന്‍ മന്നിന് സാധിച്ചില്ലെന്നും പഞ്ചാബിലെ സ്ഥിതി വളരെ മോശമാണെന്നും സ്ഥാപിക്കുന്നതിനാണ് ഇപ്പോള്‍ എം.എല്‍.എമാരുടെ യോഗം വിളിച്ചിരിക്കുന്നത്. കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകണമെന്ന് എം.എല്‍.എമാരെ കൊണ്ട് ആവശ്യപ്പെടുന്നതിനുള്ള നീക്കമാണെന്നുമാണ് ബി.ജെ.പി. എം.എല്‍.എ. ആരോപിച്ചിരുന്നത്. 

Content Highlights: After AAP Delhi loss rumors swirl about Kejriwal replacing Punjab CM Bhagwant Mann