20-കാരിയെ കൊലപ്പെടുത്തിയെന്ന കേസ്; 14 വർഷത്തെ ജയിൽശിക്ഷയ്ക്കു ശേഷം പ്രതിയെ കുറ്റവിമുക്തനാക്കി കോടതി

കട്ടക്: 20-കാരിയെ കൊലപ്പെടുത്തിയ കേസില്‍ 14 വർഷത്തെ ജയിൽശിക്ഷയ്ക്കു ശേഷം യുവാവിനെ കുറ്റവിമുക്തനാക്കി ഒറീസ ഹൈക്കോടതി. 20-കാരിയായ യുവതിയെ കൊലപ്പെടുത്തി എന്ന കേസിൽ ശിക്ഷിക്കപ്പെട്ട 42-കാരനായ മദന്‍ കന്‍ഹറിനെയാണ് കോടതി വെറുതെവിട്ടത്.
2005-ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഫുല്‍ബാണി ഗ്രാമത്തിലുള്ള തന്റെ വസതിയില്‍ നിന്ന് വിറക് ശേഖരിക്കാന്‍ പോയതായിരുന്നു 20-കാരി. ഏറെ നേരം വൈകിയിട്ടും തിരികെ വരാത്തതിനെ തുടർന്ന് യുവതിയുടെ അമ്മ നടത്തിയ അന്വേഷണത്തിലാണ് കാട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും യുവതിക്ക് പരിക്കേറ്റിരുന്നു.
യുവതിയും മദന്‍ കന്‍ഹറും തമ്മില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തര്‍ക്കം നടന്നിരുന്നു. തുടര്‍ന്നാണ് സംശയത്തിന്റെ മുന മദനിലേയ്ക്ക് നീണ്ടത്. പിന്നീട് മദന്‍ കന്‍ഹറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെ ഹൈക്കോടതിയില്‍ മദന്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് ഹൈക്കോടതി 2019-ല്‍ മദന് ജാമ്യം അനുവദിച്ചു.
ദൃക്‌സാക്ഷി മൊഴികളിലെ പൊരുത്തക്കേടുകളും തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ വെറുതേവിട്ടത്. ഇത് മദന്‍ കന്‍ഹറിന്റെ നിരപരാധിത്വത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ഒറീസ ഹൈക്കോടതി ചൂണ്ടിക്കാട്ടി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ 20-കാരിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചെങ്കിലും മദന് ഇതില്‍ പങ്കുണ്ടെന്നതിന് തെളിവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
Content Highlights: after 14 years in jail 42 year old madan kanhar free now