യുപിയിലും വനിതാ മാധ്യമപ്രവര്‍ത്തകരെ അകറ്റിനിര്‍ത്തി; അഫ്ഗാന്‍ മന്ത്രിയുടെ സന്ദര്‍ശനത്തില്‍ വീണ്ടും വിവാദം

അഫ്ഗാനിസ്താൻ വിദേശകാര്യ മന്ത്രി അമീര്‍ ഖാൻ മുത്തഖി | Photo: PTI
അഫ്ഗാനിസ്താൻ വിദേശകാര്യ മന്ത്രി അമീര്‍ ഖാൻ മുത്തഖി | Photo: PTI

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അഫ്ഗാനിസ്താന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി പങ്കെടുത്ത പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാത്ത സംഭവം വിവാദത്തില്‍. സഹാറന്‍പുര്‍ ജില്ലയിലെ ദേവ്ബന്ദിലുള്ള പ്രശസ്ത ഇസ്ലാമിക സെമിനാരിയായ ദാറുല്‍ ഉലൂം സന്ദര്‍ശനത്തിനായാണ് അമീര്‍ ഖാന്‍ മുത്തഖി ശനിയാഴ്ച യുപിയില്‍ എത്തിയത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന മുത്തഖിയുടെ പത്രസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാന്‍ അഫ്ഗാന്‍ എംബസി വിസമ്മതിച്ചിരുന്നു. യുപിയില്‍ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തിനുള്ളിലേക്ക് പ്രവേശനം നിഷേധിച്ചതോടെയാണ് ദേവ്ബന്ദിലും ഈ വിവാദം തുടര്‍ന്നത്.

നേരത്തെ, അഫ്ഗാന്‍ മന്ത്രി പ്രസംഗിക്കാന്‍ നിശ്ചയിച്ചിരുന്ന ലൈബ്രറിയില്‍, വനിതാ മാധ്യമപ്രവര്‍ത്തകരെ കര്‍ട്ടന് പിന്നില്‍ ഇരുത്തുമെന്ന് ദാറുല്‍ ഉലൂം അധികൃതര്‍ അറിയിച്ചിരുന്നു. ഇത് തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും അതില്‍ പുതുമയൊന്നുമില്ലെന്നുമാണ് ദാറുല്‍ ഉലൂം അറിയിച്ചത്.

എന്നിരുന്നാലും, മന്ത്രി സന്ദര്‍ശനം വെട്ടിച്ചുരുക്കി റോഡ് മാര്‍ഗം ഡല്‍ഹിയിലേക്ക് മടങ്ങിയതിനാല്‍ പ്രസംഗം റദ്ദാക്കി. മുത്തഖി അഞ്ച് മണിക്കൂര്‍ ദിയോബന്ദിയില്‍ തങ്ങാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹം സന്ദര്‍ശനം രണ്ട് മണിക്കൂറാക്കി വെട്ടിച്ചുരുക്കുകയായിരുന്നു. മുത്തഖി  വിദ്യാര്‍ത്ഥികളുമായി സംവദിച്ചെന്നും അവിടെ ലഭിച്ച സ്വീകരണത്തില്‍ അദ്ദേഹം അതീവ സന്തുഷ്ടനായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുത്തഖിയെ കാണാനായി വിദ്യാര്‍ത്ഥികള്‍ തിക്കിത്തിരക്കുന്നതും അവരെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെടുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ജംഇയ്യത്തുല്‍ ഉലമെ ഹിന്ദ് നേതാവ് മൗലാന അര്‍ഷാദ് മദ്‌നിയുമായി മുത്തഖി കൂടിക്കാഴ്ച നടത്തി.  കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് മദ്‌നി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

1866-ല്‍ സ്ഥാപിതമായ ദേവ്ബന്ദ് സെമിനാരി ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഇസ്ലാമിക വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നു. താലിബാന്റെ പാഠശാല എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഫ്ഗാനിസ്താനിലെ ദാറുല്‍ ഉലൂം ഹഖാനിയ ദേവ്ബന്ദ്  മാതൃകയിലാണ് സ്ഥാപിച്ചത്.  പ്രമുഖ താലിബാന്‍ നേതാക്കള്‍ക്ക് അവിടെനിന്നാണ് വിദ്യാഭ്യാസം ലഭിച്ചത്. അതിന്റെ സ്ഥാപകനായ മൗലാന അബ്ദുള്‍ ഹഖ് ദേവ്ബന്ദിലെ വിദ്യാര്‍ത്ഥിയായിരുന്നു.