അധീര്‍ രഞ്ജന്‍ ചൗധരി ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു

അധീര്‍ രഞ്ജന്‍ ചൗധരി | Photo: PTI
അധീര്‍ രഞ്ജന്‍ ചൗധരി | Photo: PTI

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്‌ നിന്ന് അധീര്‍ രഞ്ജന്‍ ചൗധരി രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന പിസിസി യോഗത്തിന് ശേഷമാണ് അധീര്‍ രാജി പ്രഖ്യാപിച്ചത്.

എന്നാല്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. മുര്‍ഷിദാബാദിലെ ബഹറാംപുര്‍ മണ്ഡലത്തില്‍നിന്ന് അഞ്ചു തവണ എംപിയായിട്ടുള്ള അധീര്‍ രഞ്ജന്‍ ചൗധരി ഇത്തവണ തൃണമൂല്‍ സ്ഥാനാര്‍ഥിയും ക്രിക്കറ്റ് താരവുമായ യൂസുഫ് പഠാനോട് പരാജയപ്പെട്ടിരുന്നു. 

മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന അധീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ഇതിന്റെ പേരില്‍ ഇടഞ്ഞിരുന്നു. രാജി പ്രഖ്യാപനത്തിന് ശേഷമുള്ള പ്രതികരണത്തിലും അധീര്‍ ഖാര്‍ഗെയെ ലക്ഷ്യംവെച്ചു. 'മല്ലികാര്‍ജന്‍ ഖാര്‍ഗെ ദേശീയ അധ്യക്ഷനായ ശേഷം സംസ്ഥാന അധ്യക്ഷന്‍ ഇല്ലായിരുന്നു. ഇപ്പോള്‍ ഒരു മുഴുവന്‍ സമയം അധ്യക്ഷനെ നിയമിക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാം മനസ്സിലാകും'അധീര്‍ പറഞ്ഞു.

ഇതിനിടെ രാജ്യസഭാ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം കഴിഞ്ഞ ദിവസം മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. മമതയുടെ കടുത്ത വിമര്‍ശകനായ അധീര്‍ ബംഗാളില്‍ ഇടതുപക്ഷത്തോടൊപ്പം സഖ്യമുണ്ടാക്കുന്നതിലായിരുന്നു കൂടുതല്‍ മുന്‍ഗണന നല്‍കിയിരുന്നത്.

അധീറിന്റെ രാജി കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുകയാണെങ്കില്‍ സംസ്ഥാന നേതൃസ്ഥാനത്തേക്ക് ഇഷാ ഖാന്‍ ചൗധരി എത്തുമെന്നാണ് വിവരം. ബംഗാളിലെ കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാ അംഗമാണ് ഇഷാ ഖാന്‍ ചൗധരി.
 

Content Highlights: Adhir Ranjan Chowdhury Resigns As Bengal Congress President