'ഭീകരരെ പരിശീലിപ്പിച്ചതേയുള്ളു, ത്രിവർണ പതാക വീശിയില്ലല്ലോ, വിട്ടയച്ചതിൽ തെറ്റില്ല'; വാൻഡൈക്കിന് യുഎസിൽ പോകാനനുവദിച്ചതിൽ പരിഹാസവുമായി ദിപ്കെ

ന്യൂഡൽഹി: അമേരിക്കൻ കൂലിപ്പട്ടാളക്കാരനായ മാത്യു ആരൺ വാൻഡൈക്കിന് അമേരിക്കയിലേക്ക് പോകാൻ അനുമതി നൽകിയ കോടതി ഉത്തരവിനെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെ. മ്യാൻമറിലെ സായുധ സംഘങ്ങൾക്ക് പരിശീലനം നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് വാൻഡൈക്കിനെതിരെ ഇന്ത്യയിൽ കേസെടുത്തത്.
'വാൻഡൈക്കിന് അമേരിക്കയിലേക്ക് പോകാൻ അനുമതി ലഭിച്ചു. എന്തുകൊണ്ട് അനുവദിച്ചുകൂടാ? അദ്ദേഹം ചെയ്തത് ഭീകരവാദികൾക്ക് പരിശീലനം നൽകുക മാത്രമാണ്, അല്ലാതെ ത്രിവർണപതാക വീശിയിട്ടില്ലല്ലോ.' -അഭിജീത്ത് ദിപ്കെ പറഞ്ഞു. നേരത്തേ ജന്തർ മന്തറിൽ കടന്നുകയറി ദേശീയപതാക വീശിയ സിജെപി നേതാക്കളെ ജയിലിലടച്ചതുമായി പരോക്ഷമായി ബന്ധപ്പെടുത്തിയായിരുന്നു ദിപ്കെയുടെ പരിഹാസം. എക്സിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വാൻഡൈക്കിനും ആറ് യുക്രൈൻ പൗരന്മാർക്കും എതിരായ ഇന്ത്യയിലെ കേസിൽ വെള്ളിയാഴ്ചയാണ് ഡൽഹി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വാൻഡൈക്കിന് അമേരിക്കയിലേക്ക് പോകാൻ അനുമതി നൽകിയ കോടതി, ആറ് യുക്രൈൻ പൗരന്മാർക്ക് ഫെബ്രുവരി 24 വരെ ഇന്ത്യയ്ക്ക് പുറത്തു തുടരാനും അനുമതി നീട്ടി നൽകി. പ്രത്യേക ജഡ്ജി പ്രശാന്ത് ശർമയാണ് ഏഴ് വിദേശ പൗരന്മാർ സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ച് ഉത്തരവിട്ടത്. മ്യാൻമറിലെ വംശീയ സായുധ സംഘങ്ങൾക്ക് ആയുധ പരിശീലനവും ഡ്രോൺ യുദ്ധമുറകളിൽ പരിശീലനവും നൽകിയെന്നാരോപിച്ച് മാർച്ചിലാണ് ഇവരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത്.
ഡൽഹിയിൽ പ്രതിഷേധങ്ങൾ തടയാൻ സുരക്ഷാസേനയെ വിന്യസിച്ചതിനേയും ദിപ്കെ വിമർശിച്ചു. ചൈനയുമായി പോരാടുന്നത് പ്രയാസമാണെന്ന് സുരക്ഷാസേനകൾ പറഞ്ഞതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതിർത്തി മേഖലകളിൽനിന്ന് സേനയെ ഡൽഹിയിൽ വിന്യസിച്ചതാണ് ഇതിന് കാരണമെന്നും ആരോപിച്ചു. ചൈനയുമായുള്ള സംഘർഷസാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ നടപടികളെയും അദ്ദേഹം ചോദ്യം ചെയ്തു.
Content Highlights: Cockroach Janata Party founder Abhijeet Dipke mocked a Delhi court order permitting US mercenary Matthew Aaron VanDyke to travel home, sarcastically remarking that VanDyke only trained militants rather than waving the national flag.