'മുംബൈ പോലീസ് ക്യൂട്ട്, ഡൽഹി പോലീസ് ഭീകരൻ’; ഡൽഹി പോലീസിനെയും മോദിയെയും കടന്നാക്രമിച്ച് ദിപ്കെ

#ന്യൂസ് ഡെസ്ക്
Photo: PTI
Photo: PTI

മുംബൈ: ഡൽഹി പോലീസ് ഡി.സി.പി. സച്ചിൻ ശർമ്മയ്ക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും രൂക്ഷ വിമർശനവുമായി സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ. അതേസമയം മുംബൈ പോലീസിനെ പ്രശംസിക്കുകയും ചെയ്തു. മുംബൈയിൽ ശിവാജി പാർക്കിൽ നടക്കുന്ന സി.ജെ.പി. പ്രതിഷേധത്തിനിടെയായിരുന്നു ദിപ്കെയുടെ വിമർശനവും പ്രശംസയും.

‘ചില പോലീസുകാർ സംഘികളാണ്. അമിത് ഷായ്ക്ക് പ്രിയപ്പെട്ടവർ. നിങ്ങൾ സംഘിയാണെങ്കിൽ കാക്കി ഷോർട്സ് ധരിക്കൂ. പോലീസ് യൂണിഫോം ധരിക്കരുത്’- ദിപ്കെ പറഞ്ഞു. പ്രതിഷേധ സ്ഥലത്തേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ എത്തുമെന്നും പോലീസ് ബാരിക്കേഡുകൾ മതിയാകില്ലെന്നും ദിപ്കെ കൂട്ടിച്ചേർത്തു.

‘തന്നെ കസ്റ്റഡിയിൽ എടുക്കാനാണ് മുംബൈ പോലീസിനോട് ഉത്തരവിട്ടത്. എന്നാൽ അവർ എനിക്ക് ചായ തന്നു പോകാൻ പറഞ്ഞു. മുംബൈ പോലീസ് വളരെ ക്യൂട്ട് ആണ്. എന്നാൽ ഡൽഹി പോലീസ് അങ്ങനെ അല്ലെന്നും നേരത്തെ ജന്തർ മന്തറിൽ നടന്ന സി.ജെ.പി. പ്രതിഷേധ കാലത്തെ ഓർമിച്ച് ദിപ്കെ പറഞ്ഞു. മുംബൈ പോലീസ് ക്യൂട്ട് ആണ്. ഡൽഹി ഡിസിപി ഭീകരനാണ്- ദിപ്കെ കൂട്ടിച്ചേർത്തു.

ഡൽഹി പോലീസിനെതിരേ സി.ജെ.പി. നേതാവ് സൗരവ് ദാസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നന്നാകൂ, ഇല്ലെങ്കിൽ ഞങ്ങൾക്ക് നന്നാക്കേണ്ടി വരുമെന്ന് സൗരവ് ദാസ് പറഞ്ഞു.

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നത് വെറും മുദ്രാവാക്യം മാത്രമാണെന്നും ബി.ജെ.പി. ആഗ്രഹിക്കുന്നത് ‘ഒരു രാജ്യം ഒരു പാർട്ടി’ എന്നാണെന്നും ദിപ്കെ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ദിപ്കെ രൂക്ഷ വിമർശനമുന്നയിച്ചു. ‘പ്രധാനമന്ത്രിയായത് മുതൽ ഞാൻ ചായ വിറ്റു, ഞാൻ ചായ വിറ്റു എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ആരാണ് നിങ്ങളോട് ചായ വിൽക്കാൻ പറഞ്ഞത്? സ്‌കൂളിൽ പോയി പഠിച്ച് വല്ല ജോലിയും ചെയ്യാമായിരുന്നു.’- ദിപ്കെ പരിഹസിച്ചു.

‘പിന്നെ മറ്റൊന്ന്, ഞാൻ പാവപ്പെട്ട ഒരമ്മയുടെ മകനാണ്, പാവപ്പെട്ട ഒരമ്മയുടെ മകനാണ്... എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം കാരണം ഇന്ന് എല്ലാ കുട്ടികളും പാവപ്പെട്ട അമ്മമാരുടെ മക്കളായി മാറിയിരിക്കുകയാണ്. താൻ തനിയെ പാവപ്പെട്ട അമ്മയുടെ മകനായത് പോരാഞ്ഞിട്ട് നമ്മളെയും പാവപ്പെട്ട അമ്മമാരുടെ മക്കളാക്കി മാറ്റി.’- ദിപ്കെ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ശൈലിയെയും ദിപ്കെ ചോദ്യം ചെയ്തു. ‘ഞാൻ ഒരു ഫക്കീറാണ്, സഞ്ചി എടുത്ത് നടക്കുമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഏത് സഞ്ചിയാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അത് ഒരുപക്ഷേ ഗുച്ചി (Gucci), ബാലൻസിയാഗ (Balenciaga) അല്ലെങ്കിൽ പ്രാഡയുടെ (Prada) ബാഗ് ആയിരിക്കും! കാര്യം എന്തൊക്കെയായാലും, അദ്ദേഹത്തിന്റെ ഫാഷൻ സെൻസും സ്കിൻ കെയറും സമ്മതിച്ചുകൊടുത്തേ പറ്റൂ. വൻകിട സിനിമാ നടന്മാരും മോഡലുകളും പോലും അദ്ദേഹത്തിന്റെ സ്കിൻ കെയറിന് മുന്നിൽ തോറ്റുപോകും.’- പരിഹാസരൂപേണ ദിപ്കെ കൂട്ടിച്ചേർത്തു.

Content Highlights: CJP founder Abhijeet Dipke harshly criticized Delhi Police DCP Sachin Sharma and called out police bias., Dipke mocked PM Narendra Modi's 'chaiwala' and 'fakir' background statements, questioning his luxury brands., The controversial remarks were made public following an IANS report in October 2026.