തലേന്നുവരെ ചർച്ചയിൽ, പിറ്റേന്ന് BJP-യിൽ; ഫോണെടുക്കാതെ ഹർഭജൻ, 15 MLA-മാരും കൂടെപ്പോകുമോ, AAPയിൽ ആശങ്ക

#ന്യൂസ് ഡെസ്ക്ക്
എ.എ.പി.യുടെ രാജ്യസഭാ എം.പി.മാരായ രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തല്‍, സ്വാതി മലിവാള്‍,രജീന്ദര്‍ ഗുപ്ത, വിക്രംജിത് സിങ് സാഹ്നി, ഹര്‍ഭജന്‍ സിങ് എന്നിവര്‍. ഫോട്ടോ - പി.ടി.ഐ.
എ.എ.പി.യുടെ രാജ്യസഭാ എം.പി.മാരായ രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തല്‍, സ്വാതി മലിവാള്‍,രജീന്ദര്‍ ഗുപ്ത, വിക്രംജിത് സിങ് സാഹ്നി, ഹര്‍ഭജന്‍ സിങ് എന്നിവര്‍. ഫോട്ടോ - പി.ടി.ഐ.

ന്യൂഡൽഹി: മറ്റു ആറ് എം.പി.മാരോടൊപ്പം സന്ദീപ് പഥക്കിന്റെ കൂടി ബി.ജെ.പി.യിലേക്കുള്ള കൂടുമാറ്റം എ.എ.പി. നേതൃത്വത്തിൽ വലിയ ഞെട്ടലുണ്ടാക്കിയതായി റിപ്പോർട്ട്. എ.എ.പി.യുടെ പ്രധാന തന്ത്രജ്ഞനും അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന്റെ ചാണക്യനുമായി അറിയപ്പെട്ടിരുന്ന അദ്ദേഹം, തലേദിവസംവരെ പാർട്ടി ചർച്ചകളിൽ സജീവമായി പങ്കെടുത്തിരുന്നുവെന്നാണ് വിവരം.

സന്ദീപ് പഥക്, രാഘവ് ഛദ്ദ, അശോക് മിത്തൽ എന്നിവരാണ് നിലവിൽ ബി.ജെ.പി.യിൽ ചേർന്നത്. വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവർ പാർട്ടിവിട്ട കാര്യം അറിയിച്ചിട്ടുണ്ട്. ഹർഭജൻ സിങ്, രജീന്ദർ ഗുപ്ത എന്നിവരുമായി ചർച്ച നടത്തി അനുനയിപ്പിച്ച് കൊണ്ടുവരാനാണ് എ.എ.പി. നേതൃത്വം ശ്രമിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ശനിയാഴ്ച (ഇന്ന്) അടിയന്തര യോഗം ചേരുന്നുണ്ട്. ഹർഭജൻ മുംബൈയിലാണെന്ന് സംശയിക്കുന്നു. ഫോൺ വിളികളോട് അദ്ദേഹം പ്രതികരിക്കുന്നില്ല.

പത്ത് എം.പി.മാരിൽ നിലവിൽ സന്ത് ബൽബീർ സിങ് സീച്ചേവാൾ, സഞ്ജയ് സിങ്, എൻ.ഡി. ഗുപ്ത എന്നിവർ മാത്രമാണ് എ.എ.പി.യിൽ ഉറച്ചുനിൽക്കുന്നത്. ബി.ജെ.പി.യിൽ ചേർന്ന എം.പി.മാരെ അയോഗ്യരാക്കാനുള്ള നീക്കം പാർട്ടി ആരംഭിച്ചു. കൂറുമാറ്റം ആരോപിച്ച് വിമതർക്കെതിരേ രാജ്യസഭാ ചെയർമാന് കത്തുനൽകാൻ എൻ.ഡി. ഗുപ്തയ്ക്ക് പാർട്ടി നിർേദശം നൽകിയിട്ടുണ്ട്. എന്നാൽ ഏഴ് എം.പി.മാരും ഒപ്പിട്ട സമ്മതപത്രം തന്റെ പക്കലുണ്ടെന്നാണ് ഛദ്ദയുടെ അവകാശവാദം.

അതിനിടെ ഡൽഹിയിൽനിന്നും 15 എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേർന്നേക്കുമെന്ന സൂചനയുണ്ട്. നിലവിൽ 22 എം.എൽ.എ.മാരാണ് ഡൽഹിയിൽ എ.എ.പി.ക്കുള്ളത്. ഇതിൽ 15 പേർ പാർട്ടിവിട്ടാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അവരെ അയോഗ്യരാക്കാൻ കഴിയില്ല. പഞ്ചാബിലും എം.എൽ.എ.മാരെ വരുതിയിലാക്കാൻ ബി.ജെ.പി. ശ്രമിക്കുന്നുവെന്ന് എ.എ.പി. ആരോപിക്കുന്നു.

പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കിയിരിക്കേ ഉണ്ടായ ഈ പ്രതിസന്ധി ആംആദ്മി പാർട്ടിക്ക് വലിയ ക്ഷീണംചെയ്യും. ബി.ജെ.പി.യിലെത്തിയവരിൽ ആറ് എം.പി.മാരും എ.എ.പി. അധികാരത്തിലുള്ള ഏക സംസ്ഥാനമായ പഞ്ചാബിൽനിന്നുള്ളവരാണ്.