പുക ഉയര്‍ന്നാല്‍ റണ്‍വേ കാണില്ല, ഭോഗി ചടങ്ങില്‍ മാലിന്യം കത്തിക്കരുതെന്നഭ്യര്‍ഥിച്ച് എഎഐ

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിന് സമീപം താമസിക്കുന്ന ജനങ്ങള്‍ പൊങ്കല്‍ ആഘോഷത്തിന് മുന്നോടിയായുള്ള ഭോഗി ചടങ്ങിന് മാലിന്യം കൂട്ടിയിട്ട് കത്തിക്കരുത് എന്നു അഭ്യര്‍ഥിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍. കഴിഞ്ഞ വര്‍ഷം ഭോഗി ചടങ്ങിന്റെ ഭാഗമായി ജനങ്ങള്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതുമൂലമുണ്ടായ കനത്ത പുക വിമാനസര്‍വീസുകളെ ബാധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഇത്തരമൊരു നിര്‍ദേശവുമായി എയര്‍പോര്‍ട്ട് അധികൃതര്‍ രംഗത്തെത്തിയത്. 

കൊയ്ത്തുത്സവമായ പൊങ്കലിന് മുമ്പായി കൃഷിയിടങ്ങളും വീടുകളും വൃത്തിയാക്കി മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്ന ചടങ്ങാണ് ഭോഗി. പാഴ്‌വസ്തുക്കള്‍ കത്തിക്കുന്നതുമൂലം കനത്ത പുകയാണ് ഉയരുക. 
2018-ല്‍ ഇപ്രകാരം ജനങ്ങള്‍ ഭോഗി ആചരിച്ചപ്പോള്‍ ഉയര്‍ന്ന കനത്തപുക മൂലം റണ്‍വേ കാണാനാകാതെ വന്നതോടെ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും തിരിച്ചുവിടുകയും ചെയ്തിരുന്നു.

പുറപ്പെടാനിരുന്ന 73 വിമാനസര്‍വീസുകളെയും വിമാനത്താവളത്തിലിറങ്ങേണ്ട 45 വിമാനസര്‍വീസുകളെയുമാണ് ഇത് ബാധിച്ചത്. ഇതുമൂലം നിരവധി യാത്രക്കാര്‍ക്ക് അസൗകര്യം നേരിട്ടിരുന്നു. അതിനാല്‍ 2019-ലെ ഭോഗി ആഘോഷത്തിന് തീയിടുന്നത് കുറയ്ക്കണമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശം.

Content Highlights: AAI request to people near Chennai airport to not to burn waste in Bhogi 

Content Highlights: