മൃഗങ്ങളോട് മനുഷ്യര്‍ കാണിക്കുന്ന ക്രൂരത

-
-

ലഖ്‌നൗ: മൃഗങ്ങളോട് മനുഷ്യര്‍ കാണിക്കുന്ന ക്രൂരതകളുടെ നിരവധി വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് കാറിനകത്തുവെച്ച് യുവതി നായ്ക്കുട്ടിയെ അതിദാരുണമായി കൊലപ്പെടുത്തുന്ന വീഡിയോ. ലഖ്‌നൗവിലാണ് സംഭവം.

ഓടിക്കൊണ്ടിരിക്കുന്ന കാറിലിരുന്ന് ചെരിപ്പിന്റെ മടമ്പുകൊണ്ട് യുവതി നായ്ക്കുട്ടിയെ ചവിട്ടിക്കൊല്ലുന്ന വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. യുവതിയുടെ ചവിട്ടേറ്റ് വേദനകൊണ്ട് നായ്ക്കുട്ടി കരയുന്നുണ്ടെങ്കിലും അതുവകവെക്കാതെ യുവതി ക്രൂരത തുടരുകയാണ്. ലഖ്‌നൗ സ്വദേശിനിയായ പൂജ ധില്ലന്‍ എന്ന യുവതിയാണ് ഇതെന്നാണ് കരുതുന്നത്. യുവതിക്കൊപ്പമുളള മറ്റൊരാളാണ് നായ്ക്കുട്ടിയെ ഉപദ്രവിക്കുന്നതിനുളള നിര്‍ദേശങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നത്. ഇത് പൂജയുടെ ഭര്‍ത്താവ് രാജ് ആണെന്നാണ് ആരോപണം. 

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ യുവതിക്കെതിരെ വിമര്‍ശനങ്ങളുമായെത്തി. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാലവശ്യപ്പെട്ട് മനേകാ ഗാന്ധിക്കുള്‍പ്പടെ മൃഗസ്‌നേഹികള്‍ ട്വീറ്റ് ചെയ്തു. മൃഗാവകാശ സംരക്ഷണ പ്രവര്‍ത്തക കാമ്‌ന പാണ്ഡെ പൂജ ധില്ലണെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

അതേസമയം തങ്ങള്‍ മൃഗസ്‌നേഹികളാണെന്നും സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വ്യക്തമാക്കി പൂജയും ഭര്‍ത്താവും രംഗത്തെത്തിയിരുന്നു. വീഡിയോ വ്യാജമാണെന്നും തങ്ങള്‍ക്കുണ്ടായ മാനനഷ്ടത്തിന് നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.  നിലവില്‍ പൂജയുടെ സോഷ്യല്‍ മീഡിയാ പേജുകള്‍ ലോക്ക് ചെയ്ത നിലയിലാണ്. 

Content Highlights: A Lucknow Woman Allegedly Crushes A Puppy With Her Heels 

Content Highlights: