ചെങ്കോട്ട സ്‌ഫോടനത്തിന് ഉപയോഗിച്ചത് 40 കിലോ സ്‌ഫോടകവസ്തു, ഗൂഢാലോചനക്കാരെ മുഴുവൻ പിടികൂടി- അമിത് ഷാ

#ന്യൂസ് ഡെസ്ക്
അമിത് ഷാ | Photo: ANI
അമിത് ഷാ | Photo: ANI

ന്യൂഡൽഹി: നവംബർമാസത്തിൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ നാൽപ്പത് കിലോയോളം സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂഡൽഹിയിൽ ദ്വിദിന ഭീകരവാദ വിരുദ്ധ കോൺഫറൻസ് 2025-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബർ പത്താം തീയതി, സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ, ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച സംഭവത്തിൽ പതിനഞ്ചുപേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഡൽഹിയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് ജമ്മു കശ്മീർ പോലീസ് മികച്ച അന്വേഷണം നടത്തിയെന്നും അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ നടന്ന സ്‌ഫോടനം 40 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചായിരുന്നു. അതേസമയം, മൂന്നു ടൺ സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുന്നതിന് മുൻപേ കണ്ടെത്താനായി. ഡൽഹി സ്‌ഫോടനം നടക്കുന്നതിന് മുന്നേതന്നെ ഈ ഗൂഢാലോചനയിൽ പങ്കെടുത്ത മുഴുവൻ പേരെയും പിടികൂടാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യമെമ്പാടുമുള്ള പോലീസ് സേനയ്ക്കുവേണ്ടി പൊതുവായ ഒരു ഭീകരവിരുദ്ധ സ്‌ക്വാഡ് (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) അനിവാര്യമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. എടിഎസിന്റെ ചുമതല അത്യധികം പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം, എല്ലാ ഡിജിപിമാരോടും ഇത് അടിയന്തരമായി രൂപവത്കരിക്കാൻ നിർദേശിക്കുകയും ചെയ്തു. പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തവരെ ഓപ്പറേഷൻ സിന്ദൂറിലൂടെ ശിക്ഷിക്കുകയും നടപ്പാക്കിയവരെ ഓപ്പറേഷൻ മഹാദേവിലൂടെ ഇല്ലാതാക്കുകയും ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു.

Content Highlights: 40 kg of explosives used in red fort blast says amit shah