നാല് അല്ല ഗാല്‍വനില്‍ കൊല്ലപ്പെട്ടത് 38 സൈനികര്‍: ചൈനീസ് അവകാശവാദം തെറ്റെന്ന് ഓസ്‌ട്രേലിയന്‍ പത്രം

Photo:AP
Photo:AP

ന്യൂഡല്‍ഹി: ഗാല്‍വന്‍ താഴ്വരയില്‍ 2020 ജൂണിലുണ്ടായ സംഘര്‍ഷത്തില്‍ 38 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഓസ്‌ട്രേലിയന്‍ പത്രം. സൈനികരുടെ മരണം സംബന്ധിച്ച് ചൈനയുടെ അവകാശവാദത്തിന്റെ ഒന്‍പത് ഇരട്ടിയാണ് യഥാര്‍ഥ സംഖ്യയെന്ന് 'ദ ക്ലാക്‌സണ്‍' പത്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 'ഗാല്‍വാന്‍ ഡീകോഡഡ്' എന്ന പേരിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നാല് സൈനികര്‍ മാത്രമാണ് ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ചൈനയുടെ നിലപാട്. ഇത് തിരുത്തുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഒരു സംഘം സോഷ്യല്‍ മീഡിയ ഗവേഷകര്‍ ഒരു വര്‍ഷം നീണ്ടുന്ന പഠനത്തിനൊടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചൈനീസ് സാമൂഹ്യമാധ്യമമായ 'വെയ്‌ബോ' അടക്കമുള്ളവയുടെ ഉപയോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു അന്വേഷണം.

ജൂണ്‍ 15-16 ദിവസങ്ങളില്‍ സംഘര്‍ഷത്തിന്റെ പ്രാരംഭഘട്ടത്തില്‍, ഗാല്‍വാന്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 38 സൈനികരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

സംഭവത്തിന് ശേഷം, സൈനികരുടെ മൃതദേഹങ്ങള്‍ ആദ്യം ഷിക്വാന്‍ഹെ രക്തസാക്ഷി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൊല്ലപ്പെട്ട സൈനികരുടെ സ്വദേശങ്ങളില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഗാല്‍വന്‍ ഏറ്റുമുട്ടലില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചൈനയുടെ 35ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ടതായും സംഭവത്തിനു ശേഷം ഇന്ത്യ വ്യക്തമാക്കിയിരുന്നു. 

Content Highlights: 38 Chinese soldiers died in Galwan, report

Content Highlights: