'പ്രോസിക്യൂഷന്റെ പൂര്‍ണപരാജയം' പ്രതികളെ വിട്ടയക്കാന്‍ കാരണം അക്കമിട്ട് നിരത്തി ഹൈക്കോടതി

മുംബൈ: 189 പേരുടെ മരണത്തിനിടയാക്കുകയും 800ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2006ലെ മുബൈ ട്രെയിന്‍ സ്ഫോടനത്തിലെ പന്ത്രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കുമ്പോള്‍ ബോംബെ ഹൈക്കോടതി പ്രത്യേകമായി ചൂണ്ടിക്കാട്ടിയ കാര്യങ്ങളാണിവ- അവിശ്വസനീയമായ സാക്ഷിമൊഴികള്‍, പീഡനം, നടപടിക്രമങ്ങളിലെ ഗുരുതര വീഴ്ചകള്‍. സംശയാസ്പദമായി കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തിരിച്ചറിയല്‍ പരേഡും ഒരു പരാജയമായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി വര്‍ഷങ്ങളോളം മൗനം പാലിച്ച സാക്ഷികള്‍ പ്രതികളെ പൊടുന്നനെ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്നും വിധിപ്രസ്താവത്തിനിടെ ആരാഞ്ഞു.
2006 ജൂലായ് 11നാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ ട്രെയിന്‍ റൂട്ടുകളിലൊന്നായ മുംബൈയുടെ ലോക്കല്‍ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്മെന്റുകളെ ലക്ഷ്യമാക്കിയുള്ള സ്ഫോടന പരമ്പര നടന്നത്. 6.24 നും 6.35 നും ഇടയില്‍ പതിനൊന്ന് മിനിറ്റ് സമയത്തിനുള്ളിലായിരുന്നു സ്ഫോടനങ്ങള്‍. 2015 ല്‍ സ്ഫോടനക്കേസിലെ പ്രതികളെ കുറ്റക്കാരെന്ന് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. 12 പ്രതികളില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷയും പ്രത്യേക കോടതി വിധിച്ചിരുന്നു. ബാക്കി ഏഴ് പേര്‍ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ ലഭിച്ചത്. ആറ് മാസം നീണ്ട വിചാരണയ്ക്ക് ശേഷമായിരുന്നു ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ ബെഞ്ച് വിധിപ്രസ്താവം നടത്തിയത്. സംഭവം നടന്ന് 19 കൊല്ലത്തിനുശേഷമാണ് പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള ഹൈക്കോടതി വിധി വരുന്നത്.
തിരിച്ചറിയല്‍ പരേഡ് സംബന്ധിച്ച് പ്രതിഭാഗം ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തിയതായി ഹൈക്കോടതി എടുത്തുപറഞ്ഞു. പല ദൃക്സാക്ഷികളും മൗനം പാലിച്ചതും പൊടുന്നനെ പ്രതികളെ തിരിച്ചറിഞ്ഞതും അസാധാരണമാണെന്ന് നിരീക്ഷിച്ച കോടതി പ്രത്യേക കോടതിയുടെ വിധി റദ്ദാക്കി പ്രതികളെ വെറുതെ വിടുന്നതായി പ്രസ്താവിച്ചു. കുറ്റസമ്മതമൊഴികള്‍ അപൂര്‍ണവും അസത്യവുമാണെന്നും പലതും പകര്‍പ്പാണെന്ന് തോന്നിപ്പിക്കുന്നതുമാണെന്ന് ഹൈക്കോടതി പറഞ്ഞു. കുറ്റസമ്മതത്തിനായി പീഡനം നേരിടേണ്ടി വന്നതായി പ്രതികള്‍ വ്യക്തമാക്കിയതായും കോടതി കൂട്ടിച്ചേര്‍ത്തു.
നിര്‍ണായക ദൃക്സാക്ഷികളെ വിസ്തരിക്കുന്നതിലും സുപ്രധാനതെളിവുകള്‍ കൈകാര്യം ചെയ്യുന്നതിലും പ്രോസിക്യൂഷന് പരാജയപ്പെട്ടതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണസംഘം കണ്ടെത്തിയ സ്ഫോടകവസ്തുക്കളും സര്‍ക്യൂട്ട് ബോക്സുകളും അലക്ഷ്യമായി സൂക്ഷിച്ചതായും കോടതി കുറ്റപ്പെടുത്തി. വിചാരണയ്ക്കിടെ ചില ദൃക്സാക്ഷികളെ വിസ്തരിച്ചിരുന്നില്ലെന്നും കോടതി പറഞ്ഞു. ഏതുകോണില്‍നിന്ന് വീക്ഷിച്ചാലും പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് പൂര്‍ണപരാജയമാണ് സംഭവിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമാണെന്നും ഹൈക്കോടതി പറഞ്ഞു.
ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്, കമാല്‍ അന്‍സാരി, കുത്തബുദ്ദീന്‍ സിദ്ദിഖി, നവീദ് ഖാന് എന്നിവര്‍ക്കായിരുന്നു വധശിക്ഷ വിധിച്ചിരുന്നത്.. ഗൂഢാലോചനയില്‍ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അന്‍സാരി, മുഹമ്മദ് അലി, ഡോ. തന്‍വീര്‍ അന്‍സാരി, മജീദ് ഷാഫി, മുസമ്മില്‍ ഷെയ്ഖ്, സൊഹൈല്‍ ഷെയ്ഖ്, സമീര്‍ ഷെയ്ഖ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചിരുന്നു.
Content Highlights: Bombay High Court acquits 12 accused in the 2006 Mumbai train blasts case